ജിദ്ദ: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ടു ദിവസമായി മഴ തുടരുന്നു. പ്രവിശ്യയില്‍ ഇതിനകം 168 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവിശ്യയില്‍ കഴിഞ്ഞ ആഴ്ചവരെ അനുഭവപ്പെട്ട കടുത്ത തണുപ്പ് കുറഞ്ഞു വരുമ്പോഴാണ് കാലാവസ്ഥാ മാറ്റം അറിയിച്ചു ശക്തമായ മഴ എത്തിയത്. രണ്ട് ദിവസമായി തുടരുന്ന മഴയില് കിഴക്കന്‍ പ്രവിശ്യയില്‍ 168 റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രവിശ്യാ റെഡ് ക്രസന്റ് അറിയിച്ചു.
അല്‍ കോബാറില്‍ മാത്രമായി ഒമ്പത് വാഹനപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആവശ്യമായ മുന്‍കരുരുതലുകള്‍ സ്വീകരിച്ചിരുന്നതായി കിഴക്കന്‍ പ്രവിശ്യാ സിവില്‍ ഡിഫന്‍സ് വക്താവ് ബ്രിഗേഡിയന്‍ മന്‍സൂര്‍ അല്‍ദോസരി പറഞ്ഞു. മഴവെള്ളം മൂലം രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ഉപകരണങ്ങളും സിവില്‍ ഡിഫന്സ് സജ്ജീകരിച്ചിരുന്നു.
മഴമൂലം റോഡുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം നീക്കം ചെയ്യുന്നത് നഗരസഭ തുടരുകയാണ്. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മഴക്കെടുതികളെ കുറിച്ച് പൊതുജനത്തിന് വിവരം നല്‍കുന്നതിനു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 940 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും നഗരസഭ അറിയിച്ചു.
