രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്നുമുതല്‍ എ.ടി.എമ്മുകളില്‍ നിന്ന് പണമെടുക്കാം എന്നായിരുന്നു സര്‍ക്കാറിന്റെ വാഗ്ദാനം. എന്നാല്‍ രാവിലെ മുതല്‍ പണമെടുക്കാനെത്തിയവര്‍ക്ക് മുന്നില്‍ മിക്ക എ.ടി.എം കൗണ്ടറുകളുടെയും ഷട്ടറുകള്‍ അടഞ്ഞുകിടന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കായി പണം എടുക്കാനെത്തിയവര്‍ നിരാശരായി മടങ്ങുന്ന കാഴ്ച. ബാങ്കുകള്‍ നേരിട്ട് നടത്തുന്ന ചുരുക്കം എ.ടി.എമ്മുകള്‍ പ്രവര്‍ത്തിച്ചെങ്കിലും 11 മണിയോടെ പണം തീര്‍ന്നു. ചില ബാങ്കുകള്‍ സ്വന്തം ഉപഭോക്താക്കള്‍ക്ക് മാത്രമേ പണം മാറി നല്‍കുന്നുള്ളൂ എന്ന പരാതിയും ഇതിനിടെ ഉയരുന്നുണ്ട്.

പല ബാങ്കുകളും പുറം കരാര്‍ നല്‍കിയിരിക്കുന്ന ഏജന്‍സികള്‍‍ക്കാണ് എ.ടി.എമ്മിന്‍റെ ചുമതല. എ.ടി.എമ്മുകളില്‍ 100ന്‍റെയും 50 ന്‍റേയും നോട്ടുകള്‍ നിറച്ചിട്ടുണ്ടെന്ന് ബാങ്കുകള്‍ പറയുന്നു. പക്ഷെ ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ഇവ പ്രവര്‍ത്തിക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്നും ഇതിന് ശേഷം ഏജന്‍സികളില്‍ നിന്ന് അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ എ.ടി.എം തുറക്കാന്‍ കഴിയൂവെന്നം ബാങ്ക് അധികൃതര്‍ പറയുന്നു. രണ്ടായിരം രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയിട്ടുണ്ടെങ്കിലും എ.ടി.എം സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ ഇവ നിറയ്‌ക്കാന്‍ കഴിയൂ. ഈ ജോലിയും എവിടെയുമെത്തിയിട്ടില്ല.

40 ലക്ഷം രൂപ വരെ എ.ടി.എമ്മുകളില്‍ നിറക്കാന്‍ കഴിയുമെങ്കിലും നൂറിന്റെയും 50ന്റെയും നോട്ടുകള്‍ മാത്രം വെച്ചുകൊണ്ട് ഇതിന് കഴിയില്ല. 500ന്‍റെ ട്രേകളില്‍ ഇവ നിറയ്കകാന്‍ കഴിയില്ല എന്നതാണ് പ്രധാന പ്രശ്നം. 100, 50 എന്നീ നോട്ടുകള്‍ നിറയ്ക്കുമ്പോള്‍ പരമാവധി നിക്ഷേപിക്കാനാകുക രണ്ടര ലക്ഷം രൂപ വരെ മാത്രമാണ്. നിരവധിപ്പേര്‍ പണം പിന്‍വലിക്കാന്‍ കാത്തുനില്‍ക്കുന്ന അവസ്ഥയില്‍ ഒന്നോ രണ്ടോ മണിക്കൂറിനകം തന്നെ ഈ പണം തീരും. ഫലത്തില്‍ ഇടവിട്ട് വീണ്ടും പണം നിറക്കേണ്ടി വരുമെന്നര്‍ഥം. ഇത് പ്രതിസന്ധി ഗുരുതരമാക്കും. എ.ടി.എമ്മുകള്‍ എപ്പോള്‍ പ്രവര്‍ത്തനക്ഷമമാകും എന്ന ചോദ്യത്തിന്ന് കൃത്യമായ ഉത്തരം കിട്ടാത്ത അവസ്ഥയില്‍ പണത്തിനായുള്ള ജനങ്ങളുടെ നെട്ടോട്ടം തുടരുകയും ചെയ്യും.