അഞ്ചുരുളിയില്‍ ആകാശ യാത്ര ഹെലികോപ്റ്റര്‍ സംവിധാനം ഒരുക്കി സര്‍ക്കാര്‍

ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ അഞ്ചുരുളിയുടെ മനോഹാരിത നേരില്‍ കാണുന്നതിനും ഹെലികോപ്ടറില്‍ ആകാശത്തില്‍ ഉല്ലാസ യാത്രനടത്തുന്നതിനും സുവര്‍ണ്ണ അവസരമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. അഞ്ചുരുളി സൗന്ദര്യോത്സവത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം. പരിപാടികളുടെ ഉദ്ഘാടനം സംസ്ഥാന വൈദ്യുതി മന്ത്രി എം.എം മണി ബുധനാഴ്ച നിര്‍വ്വഹിക്കും. 

ഹെലികോപ്ടര്‍ യാത്രക്കുപുറമേ ഇടുക്കി ജലാശയത്തില്‍ ബോട്ടുസവാരി, വനയാത്ര, ട്രക്കിങ്ങ്, ആനസവാരി, കുതിരസവാരി, കളരിപ്പയറ്റ് പ്രദര്‍ശനം, വടംവലി മത്സരം, ഗാനമേള, നാടന്‍പാട്ട്, ആദിവാസിക്കൂത്ത്, കോമഡി ഷോ, വീല്‍ചെയര്‍ ഗാനമേള, കഥാപ്രസംഗം, കാര്‍ഷിക- ടൂറിസം വികസന സെമിനാറുകള്‍, ഡാന്‍സ്പ്രോഗ്രാമുകള്‍, പ്രതിഭാസംഗമം, ഫേട്ടോഗ്രാഫി മത്സരവും പ്രദര്‍ശനവും നടക്കും. 

പ്രദര്‍ശന- വിപണന സ്റ്റാളുകളും ഭക്ഷണശാലകളും സന്ദര്‍ശകര്‍ക്കായി അഞ്ചുരുളിയില്‍ സജ്ജീകരിക്കും. 18,19,20 തീയതികളിലാണ് ഹെലികോപ്റ്റര്‍ യാത്രയ്ക്കുളള അവസരം. ഒരാള്‍ക്ക് 2700 രൂപ നിരക്കില്‍ ആകാശയാത്ര നടത്തി അഞ്ചുരുളിയുടെ സൗന്ദര്യം ആസ്വദിക്കാം. ജില്ലയിലെ ടൂറിസം സാധ്യതകള്‍ സന്ദര്‍ശകര്‍ക്ക് പരിജയപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഖജനാവിലേക്ക് പണമെത്തിക്കുന്നതിനുമായി ജില്ലാ ടൂറിസം വകുപ്പും, ഹൈഡല്‍ ടൂറിസവും വിവിധ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.