ഇന്നലെ അര്‍ദ്ധരാത്രി നടത്തിയ ആക്രമണത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍...

1. പാകിസ്ഥാന്‍ അതിര്‍ത്തിക്ക് അപ്പുറത്ത് ഒന്നു മുതല്‍ മൂന്നുവരെ കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്നാണ് വിവിധ സ്ഥലങ്ങളില്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. മലകളും കുന്നുകളും കാടുകളും നിറഞ്ഞ പ്രദേശങ്ങളിലായിരുന്നു സൈനിക ഓപ്പറേഷന്‍. ഇന്ത്യന്‍ സൈന്യത്തിന് യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് സൈന്യം അറിയിച്ചു.

2. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തന്നെ അതീവ രഹസ്യമായി സൈനിക നീക്കം ഇന്ത്യ ആരംഭിച്ചിരുന്നു. എന്നാല്‍ അര്‍ദ്ധരാത്രിക്ക് ശേഷമാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്.

3. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള എട്ട് തീവ്രവാദി കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടത്. വ്യത്യസ്ഥ സ്ഥലങ്ങളിലായിരുന്നു ഈ കേന്ദ്രങ്ങള്‍.

4. ഓരോ കേന്ദ്രങ്ങളിലും 30 മുതല്‍ 40 വരെ തീവ്രവാദികളുണ്ടായിരുന്നു. ശരാശരി 20 തീവ്രവാദികള്‍ക്ക് പുറമെ ഇവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശകരും സഹായികളുമായ വേറെയും ആളുകളുണ്ടായിരുന്നു.

5. തീവ്രവാദികള്‍ക്കും സഹായികള്‍ക്കും ഉള്‍പ്പെടെ വ്യാപക നാശനഷ്ടങ്ങളുണ്ടാക്കാന്‍ ആക്രമണം കൊണ്ട് സാധിച്ചതായി ഇന്ന് സൈന്യം അറിയിച്ചു. ആക്രമണത്തിന്റെയും അതുണ്ടാക്കിയ നാശനഷ്ടങ്ങളും സംബന്ധിച്ച് വ്യക്തമായ തെളിവ് ഇന്ത്യയുടെ പക്കലുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവ ഇന്ത്യന്‍ സൈന്യം ശേഖരിച്ചിട്ടുണ്ടെന്നും ആവശ്യം വരുന്ന സന്ദര്‍ഭത്തില്‍ ഇവ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടേക്കും.

6. സൂര്യോദയത്തിന് മുമ്പ് തന്നെ ഇന്ത്യന്‍ സൈനികരെല്ലാം തിരികെയെത്തിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ കൃത്യമായ ലക്ഷ്യമില്ലാതെ ഇന്ത്യ നടത്തിയ വെടിവെപ്പായിരുന്നു എന്നാണ് പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങള്‍ പ്രതികരിച്ചത്. 

7. കരസേനാ ഭടന്മാരും പാരാ കമാന്റോകളുമായിരുന്നു ആക്രമണം നടത്തിയത്. കമാന്റോകളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് അതിര്‍ത്തി കടത്തി ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്.

8. കശ്മീരിലെ ഉറിയില്‍ സെപ്തംബര്‍ 18ന് പാകിസ്ഥാനില്‍ നിന്നെത്തിയ തീവ്രവാദികള്‍ ആക്രമണം നടത്തിയ ശേഷം അതിര്‍ത്തിക്കപ്പുറമുള്ള തീവ്രവാദി കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ തയ്യാറായിരിക്കണമെന്ന നിര്‍ദ്ദേശം സൈനികര്‍ക്ക് ലഭിച്ചിരുന്നെന്നു.

9. ജമ്മു കശ്മീരിലും രാജ്യത്തെ മെട്രോ നഗരങ്ങളിലും ആക്രമണം നടത്താന്‍ തീവ്രവാദികള്‍ തയ്യാറെടുക്കുകയായിരുന്നെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.

10. നിയന്ത്രണ രേഖയുടെ സുരക്ഷാ ചുമതലയുള്ള സൈനിക വിഭാഗങ്ങള്‍ക്കും വ്യോമ സേനയ്ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നിലവില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.