ശനിയാഴ്ചയാണ് ലോകം കാത്തിരിക്കുന്ന അര്‍ജന്‍റീന ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം

മോസ്കോ: അര്‍ജന്‍റീന ആരാധകരെ നിരാശപ്പെടുത്തുന്നതാണ് ഇതിഹാസ താരങ്ങളിലൊരാളായ ഹെര്‍നന്‍ ക്രെസ്പോയുടെ വാക്കുകള്‍. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയ്ക്കെതിരെ ഫ്രാന്‍സിനാണ് മുന്‍തൂക്കമെന്ന് ക്രെസ്പോ തുറന്നടിച്ചു. അര്‍ജന്‍റീന‍ ടീം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും, അത് അതിജീവിച്ച് ഫ്രാന്‍സിനെ തോല്‍പ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ക്രെസ്പോ പ്രത്യാശ പ്രകടിപ്പിച്ചു.

ടീമെന്ന നിലയില്‍ ഫ്രാന്‍സ് മികച്ചതാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. അര്‍ജന്‍റീന മെച്ചപ്പെട്ടു വരുന്നുണ്ടെന്നും ക്രെസ്പോ അഭിപ്രായപ്പെട്ടു. പക്ഷെ ഫ്രാന്‍സാണ് ഫേവറിറ്റുകളെന്നതിനാല്‍ അര്‍ജന്‍റീനയ്ക്ക് കാര്യങ്ങൾ എളുപ്പമല്ല. അവര്‍ മികച്ച ടീമാണ്. ഞങ്ങളേക്കാൾ നല്ല രീതിയിലാണ് മുന്നേറിയതെന്നും ക്രെസ്പോ പറഞ്ഞു.

അര്‍ജന്‍റീനയുടെ ജേഴ്സിയില്‍ കളിക്കുന്പോൾ സമ്മര്‍ദ്ദം ഉണ്ടാവുക സ്വാഭാവകം മാത്രമാണെന്നും എന്നാല്‍ മത്സര ശേഷം മിക്ക കളിക്കാരും കരയുന്നത് അസ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും കടുത്ത സമ്മര്‍ദ്ദത്തിലാണെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും ക്രെസ്പോ വിവരിച്ചു.

മികച്ച ടീമാണ് ഫ്രാന്‍സ്. ഒരേ പരിശീലകന് കീഴില്‍ ദീര്‍ഘ കാലമായി കളിക്കുന്നതിനാൽ അവര്‍ കൂടുതല്‍ കരുത്തരാണ്. അര്‍ജ‍ന്‍റീനയുടെ സ്ഥിതി ഇതല്ല. നല്ല കളിക്കാരുണ്ട് എന്നാല്‍ ടീം മെച്ചപ്പെട്ട് വരുന്നേ ഉള്ളു. അതിനാൽ ഇരു ടീമുകളും മുഖാമുഖം വരുമ്പോൾ, ഫ്രാന്‍സാണ് ഫേവറിറ്റുകളെന്ന് ക്രെസ്പോ തുറന്നു പറഞ്ഞു.

അര്‍ജന്‍റീനയുടെ എക്കാലത്തെയും മൂന്നാമത്തെ മികച്ച ഗോൾ വേട്ടക്കാരനായ ക്രെസ്പോ 1998, 2002, 2006 ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ലോകം കാത്തിരിക്കുന്ന അര്‍ജന്‍റീന ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം.