Asianet News MalayalamAsianet News Malayalam

'കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ ചികില്‍സ നല്‍കണം'; തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി

കുഞ്ഞനനന്തന്  അസുഖം ഉണ്ടെങ്കിൽ പരോൾ നൽകുകയല്ല സർക്കാർ ചെയ്യേണ്ടത്,ചികിത്സ നൽകുകയാണ് വേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാർ ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

High court against granting and extending parole for tp murder case culprit pk kunjananthan
Author
Kochi, First Published Jan 24, 2019, 2:23 PM IST

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ ഹൈക്കോടതി വിമർശനം. അസുഖം ഉണ്ടെങ്കിൽ പരോൾ നൽകുകയല്ല, ചികിത്സ നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചികിത്സയുടെ പേരിൽ പരോൾ വാങ്ങി കുഞ്ഞനന്തൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണെന്ന കെ.കെ.രമയുടെ ഹര്‍ജിയിലാണ് കോടതി വിമർശനം.

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 13ആം പ്രതിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ പി കെ കുഞ്ഞനന്തന് പിണറായി സർക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളിൽ 15 തവണയായി 193 ദിവസം പരോൾ അനുവദിച്ചതിനെ ചോദ്യം ചെയ്താണ് കെ കെ രമ ഹൈക്കോടതിയെ സമീപിച്ചത്. പരോൾ ലഭിച്ചതിന്റെ പട്ടികയും രമയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹാജരാക്കി. ജയിൽ ചട്ടങ്ങൾ ലംഘിച്ചാണ് കുഞ്ഞനന്തന് പരോൾ അനുവദിക്കുന്നതെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടണമെന്നുമാണ് രമയുടെ ഹര്‍ജിയിലെ ആവശ്യം. 

അടിയന്തര പരോൾ എന്ന പേരിലാണ് സർക്കാർ കുഞ്ഞനന്തന് പരോൾ നൽകുന്നത്. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, തുടങ്ങിയ അവശ്യ ഘട്ടങ്ങളിൽ മാത്രമേ ഇത്തരം പരോൾ അനുവദിക്കാവൂവെന്നാണ് കേരള ജയിൽ ചട്ടത്തിലെ നാനൂറാം വകുപ്പിൽ പറയുന്നത്. സർക്കാർ ഈ സംവിധാനം ദുരുപയോഗം ചെയ്തു എന്നും രമ ഹർജിയിൽ പറഞ്ഞു. 

എന്നാൽ കുഞ്ഞനന്തൻ ഗുരുതരമായ അർബുദരോഗ ബാധിതനാണെന്നും ചികിത്സയ്ക്കാണ് പരോൾ അനുവദിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. അങ്ങനെയാണെങ്കിൽ സർക്കാർ ചികിത്സ നൽകുകയാണ് വേണ്ടത്. പരോൾ അനുവദിക്കുക അല്ല ചെയ്യേണ്ടതെന്നായിരുന്നു കോടതി പരാമർശം.കേസിൽ രണ്ട് ആഴ്ചക്കകം വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.എതിർ കക്ഷിയായ കുഞ്ഞനന്തനും ഹൈക്കോടതി നോട്ടീസ് അയക്കും.

Follow Us:
Download App:
  • android
  • ios