ബാങ്ക് ഗ്യാരന്റി വാങ്ങാനാകില്ല കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിന് തിരിച്ചടി

കൊച്ചി: ഒന്നാം വർഷ വിദ്യാർഥികളിൽ നിന്ന് ബാങ്ക് ഗ്യാരന്റി വാങ്ങാനുള്ള കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് നീക്കത്തിന് തിരിച്ചടി. ഒന്നാം വർഷ വിദ്യാർഥിനി നവ്യ രാജീവിൽ നിന്ന് ബാങ്ക് ഗാരണ്ടി വാങ്ങരുതെന്ന് ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ചു. കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് നവ്യ.എൻ‌ട്രൻസ് കമ്മീഷണർ നൽകിയ അലോട്മെന്റ് മെമ്മോയിലും സർക്കാർ ഉത്തരവിലും നാലു വര്‍ഷത്തെ ബാങ്ക് ഗാരണ്ടി നല്‍കണം എന്നു പറയാത്തതിനാൽ ഗ്യാരന്‍റി നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണു നവ്യ രാജീവ്‌ ഹൈ കോടതിയെ സമീപിച്ചത്.

അഡ്മിഷന്‍ ഫീസിന് പുറമെ ഒരു ഫീസും അധികം കൊടുക്കേണ്ടെന്ന എന്‍ട്രന്‍സ് കമ്മീഷണറുടെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ബാങ്ക് ഗ്യാരന്‍റി ആവശ്യപ്പെട്ടത്. സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഫീസിന് പുറമെ വിദ്യാർത്ഥികൾ അടക്കേണ്ട സ്പെഷ്യൽ ഫീസ് ഈ ആഴ്ച തന്നെ നിശ്ചയിക്കുമെന്നും അതുവരെ അഡ്മിഷന്‍ ഫീസ് അല്ലാതെ മറ്റൊന്നും വാങ്ങരുതെന്നുമുള്ള രാജേന്ദ്ര ബാബു കമ്മീഷന്‍ ഉത്തരവ് നിലനില്‍ക്കെയാണ് ബാങ്ക് സെക്യൂരിറ്റി ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കില്ലെന്ന് കോളേജ് അധികൃതര്‍ പറയുന്നത്. ഇതോടെ കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചിരുന്നു.