കൊച്ചി: കെഎസ്ആർടിസിയിൽ മുടങ്ങിക്കിടക്കുന്ന പെൻഷൻ തുക ഉടൻ നൽകിയേ മതിയാകൂവെന്ന് ഹൈക്കോടതി. 2002ലെ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍‍ദ്ദേശിച്ചു. ദിവസ വരുമാനത്തിന്‍റെ പത്ത് ശതമാനം പെന്‍ഷന്‍ ആനുകൂല്യങ്ങൾക്കായി മാറ്റിവയ്ക്കണമെന്നും കോടതി നിർദേശം. വിരമിച്ച തൊഴിലാളിയുടെ അവകാശമാണ് പെൻഷൻ. പെൻഷൻ നിരാകരിക്കാനോ അനന്തമായി നീട്ടാനോ കെഎസ്ആർടിസിക്ക് അവകാശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സാമ്പത്തിക പ്രതിസന്ധി പെൻഷൻ നൽകാതിരിക്കുന്നതിനുള്ള കാരണമല്ല. സേവനകാലത്ത് രക്തവും വിയർപ്പും ഒഴുക്കിയവരാണ് പെൻഷൻകാരെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കുവേണ്ടി ട്രഷറി അക്കൗണ്ട് വേണമെന്ന് 2002ൽ കോടതി ഉത്തരവിട്ടിരുന്നതാണ്. ഇത് നടപ്പിലാക്കുകയായിരുന്നെങ്കിൽ സാന്പത്തിക പ്രതിസന്ധി ഉണ്ടാകില്ലായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കുമെന്നും, ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പെൻഷൻകാർക്ക് പണം മുടങ്ങുന്ന സാഹചര്യമുണ്ടാകാതിരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് പെന്‍ഷന്‍കാരുടെ ദുരവസ്ഥ പുറത്ത് കൊണ്ടുവന്നത്.