ശബരിമല സ്ത്രീ പ്രവേശനത്തെ എതിർത്ത് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹർജി കോടതി ചെലവ് ഈടാക്കുമെന്ന് കേട്ട് പിന്‍വലിച്ചു.


കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തെ എതിർത്ത് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹർജി കോടതി ചെലവ് ഈടാക്കുമെന്ന് കേട്ട് പിന്‍വലിച്ചു. സുപ്രീം കോടതി റിവ്യൂ ഹർജി തീർപ്പാക്കും വരെ സ്ത്രീ പ്രവേശനം തടയണം എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. അതേസമയം, കോടതി ചെലവടക്കം ഈടാക്കി ഹർജി തള്ളുമെന്ന് ഹൈക്കോടതി അറിയിച്ചു. ഇതോടെയാണ് ഹർജി പിൻവലിച്ചത്. പത്തനംതിട്ട സ്വദേശികൾ ആണ് കോടതിയെ സമീപിച്ചത്. 

ഭരണഘടനാ ബഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമല വിധിയിലെ പുന:പരിശോധനാ ഹര്‍ജികളില്‍ ജനുവരി 22 ന് മുമ്പ് വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ സെപ്തംബര്‍ 28 ലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ശബരിമല ഹര്‍ജികള്‍ ജനുവരി 22 നാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുക. അതോടൊപ്പം സെപ്തംബര്‍ 28 ലെ വിധി സ്റ്റേ ഇല്ലെന്നും സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു.

നേരത്തെ ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ കൂട്ട അറസ്റ്റുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ കോടതിയെ സമീപിച്ചു. കേസുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടും, വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടുമായിരുന്നു ഇവര്‍ പൊതുതാല്പര്യ ഹർജി നല്‍കിയത്. എന്നാല്‍ ഈ ഹര്‍ജിയില്‍ കോടതിയുടെ സമയം കളയുകയാണെന്ന് പറഞ്ഞ കോടതി ശോഭാ സുരേന്ദ്രനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. മാത്രമല്ല കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനാല്‍ 25,000 രൂപ കോടതിയില്‍ പിഴയായി കെട്ടിവെക്കാനും കോടതി ഉത്തരവിട്ടിരുന്നു.