കൊച്ചി: എരുമേലി പേട്ടതുള്ളലിൽ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങൾ മുൻകൂട്ടി അറിയിക്കണമെന്ന് ഹൈക്കോടതി. വിവരങ്ങൾ പത്തനംതിട്ട എസ്പിക്ക് കൈമാറണം. പേട്ടതുള്ളലിന് തടസം വരാൻ പാടില്ലെന്നും കോടതി പറഞ്ഞു. 

പേട്ട തുളളലിൽ പങ്കെടുക്കന്നവരുടെ തിരിച്ചറയിൽ രേഖ പരിശോധിച്ചശേഷം പൊലീസ് പ്രത്യേക തിരിച്ചറിയൽ രേഖ തയാറാക്കി നൽകണമെന്നും കോടതി നിർദേശിച്ചു. പേട്ട തുളളലിന് യാതൊരുവിധ തടസവും ഉണ്ടാകരുതെന്നും ഇടക്കാല ഉത്തരവിലുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് നിർദേശം.

ജനുവരി പന്ത്രണ്ടിനാണ് എരുമേലി പേട്ടതുള്ളൽ. തിരുവാഭരണ ഘോഷയാത്രയും അന്നേദിവസം പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.14 നാണ് മകരവിളക്കും മകരജ്യോതി ദർശനവും. മകരവിളക്ക് തീർഥാടനകാലത്ത് സുരക്ഷ ഒരുക്കുന്നതിനുള്ള പൊലീസ് സംഘത്തെയും തീരുമാനിച്ചു. 

സന്നിധാനത്ത് കൊല്ലം കമ്മീഷണർ പി കെ മധു, നെടുമങ്ങാട് എ എസ് പി സുജിത്ത് ദാസ്, പമ്പയിൽ തിരുവനന്തപുരം ഡിസിപി ആർ ആദിത്യ , ക്രൈംബ്രാഞ്ച് എസ് പി ബി കെ പ്രകാശ് എന്നിവരും നിലയ്ക്കലിൽ കാസർഗോഡ് എസ് പി ‍ഡോ ശ്രീനിവാസ്, വി ജി വിനോദ്കുമാർ എന്നിവരുമാണ് കൺട്രോളർമാർ. എരുമേലിയിൽ ചുമതല ചൈത്ര തെരേസ ജോണിനാണ്.