ഭാഷാശാസ്ത്ര വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിയായ തെലുങ്കാന സ്വദേശി ഗന്തോട്ടി നാഗരാജുവിനെ അറസ്റ്റ് ചെയ്തതിൽ വിമർശിച്ചാണ് ഡോ. പ്രസാദ് പന്ന്യൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്. 

കാസർകോഡ്: ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് കേരള കേന്ദ്രസർവകലാശാലയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി വിധി. ഇംഗ്ളീഷ് താരതമ്യ സാഹിത്യ പഠന മേധാവി ഡോ. പ്രസാദ് പന്ന്യനെയാണ് എത്രയും പെട്ടെന്ന് തിരികെ നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയത്. സസ്പെൻഷൻ നടപടിക്കെതിരെ ഡോ. പ്രസാദ് പന്ന്യൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. 

ഭാഷാശാസ്ത്ര വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിയായ തെലുങ്കാന സ്വദേശി ഗന്തോട്ടി നാഗരാജുവിനെ അറസ്റ്റ് ചെയ്തതിൽ വിമർശിച്ചാണ് ഡോ. പ്രസാദ് പന്ന്യൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഹോസ്റ്റലിലെ അഗ്നിശമന ഉപകരണത്തിൻറെ 200 രൂപ മാത്രം വില വരുന്ന ഗ്ളാസ് പൊട്ടിച്ച വിഷയം സർവകലാശാലക്ക് അകത്ത് തന്നെ തീർക്കാവുന്നതാണെന്നാണ് ഡോ. പ്രസാദ് പോസ്റ്റിൽ കുറിച്ചിരുന്നത്. 

ഈ പോസ്റ്റിനെതിരെ ഡോ.പ്രസാദ് പന്ന്യൻ മേധാവിയായ ഡിപ്പാർട്ട്മെൻറിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. വെള്ളിക്കീൽ രാഘവൻ നൽകിയ പരാതിയിലാണ് സർവകലാശാല നടപടിയെടുത്തത്. സെപ്തംബർ ഏഴാം തിയ്യതി ഡിപ്പാർട്ട്മെൻറ് മേധാവി സ്ഥാനത്ത് നിന്ന് പ്രസാദ് പന്ന്യനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.