പാതയോരത്തെ മുഴുവന്‍ അനധികൃത ബോര്‍ഡുകളും നീക്കണമെന്ന് ഹൈക്കോടതി. ഈ മാസം 30 നകം പാതയോരത്തെ മുഴുവന്‍ അനധികൃത ബോര്‍ഡുകളും നീക്കണം. ഇല്ലെങ്കില്‍ ചെലവും നഷ്ടവും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും

കൊച്ചി: ഫ്ലക്സുകള്‍ നീക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ഈ മാസം 30 നകം പാതയോരത്തെ
മുഴുവന്‍ അനധികൃത ബോര്‍ഡുകളും നീക്കണമെന്നാണ് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഉത്തരവ് നടപ്പാക്കിയില്ലങ്കില്‍ ചെലവും നഷ്ടവും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി. 

ബോര്‍ഡുകള്‍ നീക്കിയെന്ന് കളക്ടറും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേശീയ പാത ആക്ട് പ്രകാരം ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതിയുടെ മുന്‍ നിര്‍ദ്ദേശം അവഗണിച്ച കൊല്ലം കോര്‍പറേഷന്‍ സെക്രട്ടറി അടുത്ത മാസം 12 ന് കോടതിയില്‍ നേരിട്ട് ഹാജരാവാനും ജസ്റ്റീസ് ദേവന്‍ രാമ ചന്ദ്രന്‍ ഉത്തരവിട്ടു. 

കോടതിയുടെ നാല് ഉത്തരവുകള്‍ വേണ്ട വിധം കണക്കിലെടുക്കാതിരുന്നതിന് സര്‍ക്കാരിനെ വിമര്‍ശിച്ച കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഫ്ളക്സുകള്‍ നീക്കാന്‍ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.