കൊച്ചി: രണ്ടായിരം സിസിക്ക് മുകളിലുള്ള പുതിയ ഡീസല്‍വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞ ദേശീയ ഹരിത ട്രിബ്യൂണല്‍ വിധിക്ക് ഹൈക്കോടതി സ്റ്റേ. എന്നാല്‍ പത്ത് വര്‍ഷം പഴക്കമുള്ള ഇത്തരം വാഹനങ്ങള്‍ ഒരു മാസത്തിനികം നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന ഉത്തരവില്‍ കോടതി ഇടപെട്ടില്ല. ട്രിബ്യൂണല്‍ ഉത്തരവ് മൂലം പ്രതിസന്ധിയിലായ വാഹന നിര്‍മാണ കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസം പകരുന്നതാണ് കോടതി ഇടപെടല്‍

ഒരു അഭിഭാഷക സംഘടന നല്‍കിയ ഹര്‍ജിയിലാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ കൊച്ചി സര്‍ക്യട്ട് ബെഞ്ചിന്റെ ഉത്തരവ് വന്നത്. പത്ത് വര്‍ഷം പഴക്കമുള്ള രണ്ടായിരം സിസിക്ക് മേലുള്ള ഡീസല്‍ വാഹനങ്ങള്‍ ഒരു മാസത്തിനകം പിന്‍വലിക്കുക, ഇത്തരം വാഹനങ്ങള്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യരുത് എന്നിവയായിരുന്നു പ്രധാന ഉത്തരവുകള്‍. 

ഇത് ചോദ്യം ചെയ്ത് നിപ്പോണ്‍ ടൊയോട്ട ഡീലര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി ബി സുരേഷ്‌കുമാറിന്റെ നടപടി. അഭിഭാഷക സംഘടന ഉന്നയിച്ച വിഷയങ്ങള്‍ മറികടന്നുകൊണ്ടുള്ള ഉത്തരവാണ് ഹരിത ട്രിബ്യൂണലിന്‍േറത് എന്നായിരുന്നു പ്രധാന വാദം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച കേരളത്തില്‍ വലിയ തോതിലുള്ള മലിനീകരണം ഇല്ല. വിവിധ കക്ഷികളുടെ വാദം കേള്‍ക്കാതെയുള്ള ഉത്തരവ് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇത് കണക്കിലെടുത്താണ് ട്രിബ്യൂണല്‍ ഉത്തരവ് ഭാഗികമായി സറ്റേ ചെയ്തത്. 

രണ്ടായിരം സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന് ഏര്‍പ്പെടുത്തിയ നിരോധനം കോടതി സ്റ്റേ ചെയ്തു. അതെ സമയം പത്ത് വര്‍ഷം പഴക്കമുള്ള ഇത്തരം വാഹനങ്ങള്‍ ഒരു മാസത്തിനികം നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന ഉത്തരവില്‍ കോടതി ഇടപെട്ടില്ല. ട്രിബ്യൂണല്‍ ഉത്തരവ് വന്നതിന് തൊട്ടു പിന്നാലെ സംസ്ഥാനത്തെങ്ങും പുതിയ വാഹനങ്ങളുടെ രജിസട്രേഷന്‍ നിര്‍ത്തിവെച്ചിരുന്നു. 

താല്‍ക്കാലിക രജിസ്‌ട്രേഷന്‍ പോലും ആര്‍ടിഒമാര്‍ നല്‍കിയിരുന്നില്ല. ട്രിബ്യൂണല്‍ ഉത്തരവ് നടപ്പില്‍ വരുത്താന്‍ നിരവധി പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന നിലപാടാണ് ട്രാന്‍സ്‌പോര്‍ട് കമീഷണറേറ്റ് സ്വീകരിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ടോമിന്‍ തച്ചങ്കരി അറിയിച്ചിരുന്നു.