ഹാരിസണ്‍ കേസില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി ഇന്ന്

First Published 11, Apr 2018, 6:49 AM IST
high court verdict of Harrison case today
Highlights

ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ളതും അവര്‍ വിറ്റതുമായ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലുള്ള തീര്‍പ്പാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കുക.

കൊച്ചി: കേരളത്തിലെ വന്‍കിട തോട്ടം ഒഴിപ്പിക്കലുകളില്‍ നിര്‍ണായകമായേക്കാവുന്ന ഹാരിസണ്‍ കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. 38,000  ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് തീര്‍പ്പ് കല്‍പ്പിക്കുക. മറ്റ് വന്‍കിട എസ്റ്റേറ്റുകാരുടെ ഭൂമി തിരിച്ചെടുക്കലിലും ഹാരിസണ്‍ വിധി നിര്‍ണായകമാകും.

ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ളതും അവര്‍ വിറ്റതുമായ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലുള്ള തീര്‍പ്പാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കുക. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, ജില്ലകളിലായി കമ്പനിയുടെ കൈവശമുള്ള 38,171 ഏക്കര്‍ ഭൂമി തിരിച്ചെടുക്കണമെന്നായിരുന്നു സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട്. ഇതിനെ ചോദ്യം ചെയ്ത് കൈവശക്കാരായ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതി സിഗിംള്‍ ബ‍ഞ്ചിനെ സമീപിച്ചെങ്കിലും നടപടികളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് കോടതി അനുമതി നല്‍കി. ഇതോടെ കൈവശക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു.

വാദത്തിനിടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ സുശീല ഭട്ടിനെ നീക്കിയത് വിവാദമായിരുന്നു. പിന്നീട് അഡീഷണല്‍ എ.ജി രഞ്ജിത് തമ്പാനെ കേസ് ഏല്‍പ്പിക്കാനുള്ള നീക്കം നടന്നു. തമ്പാന്‍ മുമ്പ് ഹാരിസണ്‍ കേസില്‍ സര്‍ക്കാരിനെതിരെ ഹാജരായത് പുറത്ത് വന്നതോടെ പ്രേമചന്ദ്ര പ്രഭുവിനെ പ്രത്യേക അഭിഭാഷകനായി നിയമിച്ചു. നടപടികള്‍ വിവാദമായതോടെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹാരിസണില്‍ നിന്ന് ഭൂമി വാങ്ങിയ ചെറുവള്ളി, ബോയ്സ്, ടി.ആര്‍.ആന്റ് ടി തുടങ്ങിയവരും കേസില്‍ കക്ഷിയാണ്.

സ്വാതന്ത്ര്യത്തിന് മുമ്പ് വിദേശ കമ്പനികള്‍ കൈവശം വച്ചതടക്കം സംസ്ഥാനത്തെ അഞ്ച് ലക്ഷം ഏക്കറിലധികം സര്‍ക്കാര്‍ ഭൂമിയാണ് വന്‍കിടക്കാരുടെ കൈയ്യിലുള്ളത്. സ്വാതന്ത്യാനന്തരം ഭൂപരിഷ്കരണ നിയമം നടപ്പിലായതോടെ ഈ ഭൂമിയെല്ലാം പൊതുസ്വത്തായെന്നാണ് സര്‍ക്കാര്‍ വാദം.

loader