തിരുവനന്തപുരം: മ്യൂസിയത്തില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കള്‍ക്കെതിരെ വനിതാ പൊലീസുകാര്‍ സദാചാര പൊലീസിംഗ് നടത്തി എന്ന ആരോപണം അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ഇക്കാര്യത്തില്‍ പൊലീസ് വീഴ്ച വരുത്തിയില്ലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. മ്യൂസിയത്തില്‍ ഇരിക്കുന്നതിനിടെ സദാചാര പൊലീസിംഗ് നടത്തിയ വനിതാ പൊലീസുകാരികെള യുവതിയും യുവാവും ചേര്‍ന്ന് ഫേസ്ബുക്ക് ലൈവില്‍ കുടുക്കിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ദേശീയ മാധ്യമങ്ങളിലടക്കം സംഭവം വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് പൊലീസ് നടപടി. 

സംഭവത്തില്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പൊലീസുകാരുടെ ഭാഗത്ത് വീഴ്ച ഇല്ലെന്നാണ് കണ്ടെത്തിയിരുന്നത്. ഇതിനു പിന്നാലെയാണ് ഉന്നതതല അന്വേഷണം. സദാചാര പൊലീസിംഗിന് എതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും വ്യക്തമാക്കിയതിനു പിന്നാലെ ആയിരുന്നു മ്യൂസിയത്തിലെ പൊലീസുകാരുടെ വക സദാചാര പൊലീസിംഗ്. രണ്ടു ദിവസം മുമ്പ് കനകക്കുന്നില്‍ ഇരുന്ന യുവതീയുവാക്കള്‍ക്കെതിരെ സദാചാര പൊലീസിംഗ് നടത്തുന്ന പിങ്ക് പൊലീസിന്റെ ദൃശ്യങ്ങള്‍ മറ്റൊരു യുവാവ് ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടിരുന്നു.

മ്യൂസിയത്തില്‍ ഒന്നിച്ചിരുന്ന യുവതീയുവാക്കളെയാണ് മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരികള്‍ സദാചാര പൊലീസ് ചമഞ്ഞ് വിരട്ടാന്‍ ശ്രമിച്ചത്. ഇവര്‍ ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ സ്‌റ്റേഷനില്‍ ചെല്ലണമെന്നായി. ഇതോടെ, യുവാവ് ഈ സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തറിയിക്കുകയായിരുന്നു. 

മ്യൂസിയത്തില്‍ ഒന്നിച്ചിരുന്ന വിഷ്ണു, ആതിര എന്നിവര്‍ക്കു മുന്നിലാണ് വനിതാ പൊലീസുകാര്‍ എത്തിയത്. നിങ്ങള്‍ ഇവിടെ ഇരിക്കാന്‍ പാടില്ല എന്നായിരുന്നു പൊലീസുകാരികള്‍ പറഞ്ഞതെന്ന് ആരതി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. എന്താണ് പ്രശ്‌നമെന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ വര്‍ഗറായി ഇരിക്കുകയാണ് എന്നു പറഞ്ഞു. തങ്ങള്‍ എന്ത് വള്‍ഗറാണ് കാണിച്ചതെന്ന് വിശദീകരിക്കണം എന്നു പറഞ്ഞപ്പോള്‍ കെട്ടിപ്പിടിച്ചിരുന്നു എന്നായി. അതു ചോദ്യം ചെയ്തപ്പോള്‍, ഉമ്മ വെച്ചു എന്നായി ആരോപണം. തുടര്‍ന്ന്, ഇവരോട് പൊലീസ് സ്‌റ്റേഷനില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു. എന്താണ് തങ്ങള്‍ ചെയ്ത കുറ്റമെന്ന് എല്ലാവരുമറിയട്ടെ എന്നു പറഞ്ഞ് യുവാവ് ഇക്കാര്യം ഫേസ്ബുക്ക് ലൈവ് ചെയ്യുകയായിരുന്നു. ഇത് നിരവധി പേര്‍ കാണുകയും ഇതിനെതിരെ പ്രതിഷേധമുയരുകയും ചെയ്തു.

അതിനെതിരെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ രണ്ടു പൊലീസുകാര്‍ കൂടി എത്തി. സ്‌റ്റേഷനില്‍ കൊണ്ടുപോവുമെന്ന് പറഞ്ഞ് അവര്‍ ബഹളം വെച്ചതായി വിഷ്ണു പറഞ്ഞു. തുടര്‍ന്ന്, സ്‌റ്റേഷനില്‍ പോയപ്പോള്‍, അവിടെനിന്നും ഇരുവരുടെയും വീട്ടുകാരെ വിളിച്ച് മക്കള്‍ വള്‍ഗറായി ഇരുന്നതായി പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ്, തങ്ങള്‍ക്കതില്‍ പ്രശ്‌നമില്ലെന്ന് പറഞ്ഞപ്പോള്‍ ഇരുവരെയും വിടുകയായിരുന്നു. എന്നാല്‍, എന്തിനാണ് തങ്ങളെ കസ്റ്റഡിയില്‍ എടുത്തത് എന്നറിയാതെ പോവില്ലെന്ന് ഇവര്‍ വാശിപിടിച്ചു. തുടര്‍ന്ന് പൊലീസ് ഇവര്‍ക്കെതിരെ പെറ്റി കേസ് ചുമത്തി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അന്വേഷണം.