ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനിയുടെ നേതൃത്വത്തില്‍ ഗോഡ്സയെയും നാരായണ്‍ ആപ്തയെയും ആദരിക്കുമെന്ന് ഹിന്ദു മഹാസഭ

ലക്നൗ: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥൂറാം ഗോഡ്സെയ്ക്കുളള ആദരസൂചകമായി മീററ്റിന്‍റെ പോര് ഗോഡ്സെ നഗര്‍ എന്നാക്കണമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് ഹിന്ദു മഹാസഭ ഇക്കാര്യം ആവശ്യപ്പെട്ടത്. 

അലഹബാദിന്‍റെ പേര് പ്രയാഗ്‍രാജ് എന്നാക്കിയതിന് പിന്നാലെ ഗാസിയാബാദിന്‍റെ പേര് ദിഗ്‍വിജയ് നഗര്‍, അവൈദ്യനാഥ് നഗറെന്നും ഹപുറിന്‍റെ പേര് അവൈദ്യനാഥ് എന്നുമാക്കാനും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടിട്ടുണ്ട്. മുഗള്‍ രാജക്കന്മാരുടെ പേരിലുള്ള സ്ഥലങ്ങളെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തിരുന്നുവെന്നാണ് പേരുമാറ്റാന്‍ ആവശ്യപ്പെട്ടതിന് ന്യായീകരിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അവര്‍ വ്യക്തമാക്കിയത്. 

ഗോഡ്സെയെയും സഹചാരി നാരായണ്‍ ആപ്തെയെയും ആദരിക്കാനായി അഖില്‍ ഭാരതീയ ഹിന്ദുമഹാസഭ മീററ്റിലെ ഓഫീസില്‍ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഹിന്ദു യുവവാഹിനിയുടെ പ്രാദേശിക അധ്യക്ഷന്‍ നരേന്ദ്ര തൊമാര്‍ പരിപാടിയ്ക്ക് നേതൃത്വം വഹിക്കും. ഹിന്ദു യുവവാഹിനി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയാണ്.

നവംബര്‍ 15 ബലിദാന്‍ ദിവസമായി ഹിന്ദു മഹാസഭ ആചരിച്ചു. 1949 നവംബര്‍ 15നാണ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥൂറാം ഗോഡ്സെയെയും നാരായണ്‍ ആപ്തെയെയും തൂക്കിലേറ്റിയത്. സവര്‍ക്കറുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യരായിരുന്നു ഇരുവരുമെന്നും വധശിക്ഷ വിധിച്ചിട്ടും അതിനെ എതിര്‍ക്കാതിരുക്ക ചരിത്രത്തിലെ മഹാന്മാരാണ് ഇരുവരുമെന്നും ഹിന്ദു മഹാസഭ പ്രസ് റിലീസില്‍ പറഞ്ഞു.