ദില്ലി: ആധാർ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അല്ലെന്നുമുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആധാര്‍ എന്ന ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണെന്നാണ് സുപ്രീംകോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഭാഗികമായി സുപ്രീംകോടതി ആധാറിനെ പിന്തുണയ്ക്കുമ്പോള്‍ ആധാറിന്‍റെ ചരിത്രവും പ്രധാനമാവുകയാണ്.

2009ലാണ് യുഐഡിഎഐ നിലവില്‍ വന്നത്. ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നിലേകനിയെ ജൂലൈ 2009ന് യുഐഡിഎഐ ചെയര്‍മാനായി നിയമിച്ചു. പൗരന്‍റെ എല്ലാ വിവരങ്ങളും 12 ഡിജിറ്റ് തിരിച്ചറിയൽ നന്പറുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ലക്ഷ്യം എല്ലാ സേവനങ്ങൾക്കും ഒറ്റ തിരിച്ചറിയൽ രേഖ എന്നതായിരുന്നു. 2010 സെപ്തംബർ 29 ന് മഹാരാഷ്ട്രയിലെ തെമ്പിലി ഗ്രാമത്തിൽ വച്ചാണ് ആദ്യ ആധാർ വിതരണം ചെയ്തത്. 

2011 നവംബറാകുന്പോഴേയ്ക്ക് 100 മില്യൺ ആധാർ കാർഡുകൾ വിതരണം ചെയ്തു. 2013 ഡിസംബറാകുന്പോഴേയ്ക്ക് 500 മില്യൺ കാർഡുകൾ നൽകി.
രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് തുടക്കമിട്ട ആധാര്‍ എന്ന ആശയത്തിനെതിരെ ശക്തമായി രംഗത്തെത്തിയ അന്നത്തെ പ്രതിപക്ഷമായിരുന്ന ബിജെപി, 2014ല്‍ ഭരണത്തിലെത്തിയപ്പോള്‍ ആധാര്‍ പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 

2014 - 15 പൊതു ബജറ്റിൽ എൻഡിഎ 2039 കോടി രൂപ ആധാറിനായി വകയിരുത്തി. 2012 നവംബറിൽ ആധാർ ബില്ലിനെതിരായി സുപ്രീംകോടതിയിൽ ഹർജി നല്‍കിയിരുന്നു. 2015 ഒക്ടോബർ 15 ന് റേഷൻ വിതരണമുൾപ്പടെയുള്ള സാമൂഹ്യക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കി. 

2016 മാർച്ച് 3 ന്  ആധാർ ബില്ല് മണി ബില്ലായി പാർലമെന്‍റിൽ അവതരിപ്പിച്ച് പാസ്സാക്കി. വേണ്ടത്ര ചർച്ചകൾ പോലുമില്ലാതെയാണ് ആധാർ ബില്ല് പാസ്സാക്കിയതെന്ന് ആരോപിച്ച് പിന്നീട് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്‍റെ ഭാഗമായി 2016 ഏപ്രിലിൽ ജയറാം രമേശ് ആധാർ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. 2017ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാർ കേന്ദ്രസർക്കാർ വാദങ്ങളിൽ ചിലത് വാക്കാൽ ശരിവച്ചു. 
ജസ്റ്റിസ് ദീപക് മിശ്ര, ചീഫ് ജസ്റ്റിസായതോടെ ആധാർ കേസ് ഭരണഘടനാബഞ്ചിന് വിട്ടു. 38 ദിവസം നീണ്ട മാരത്തോൺ വാദം കേൾക്കലിന് ശേഷം ഒടുവിൽ വിധി പ്രസ്താവിച്ചിരിക്കുകയാണ് അഞ്ചംഗ ബഞ്ച്.