ജയ്പ്പൂര്‍: രാജസ്ഥാനിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാസിക വിവാദത്തില്‍. വിദ്യാഭ്യാസ വകുപ്പിന്റെ ശിവിര പത്രിക എന്ന മാസികയുടെ ഫെബ്രുവരി ലക്കത്തിലാണ് വിവാദ പരാമർശങ്ങളടങ്ങിയ ലേഖനം പ്രസിദ്ധീകരിച്ചത്. പ്രാചിന്‍ ഭാരത് ഔര്‍ വിജ്ഞാന് എന്ന തലക്കെട്ടില്‍ ദീപക് ജോഷി എന്നയാള്‍ എഴുതിയ ലേഖനമാണ് വിവാദമായിരിക്കുന്നത്. ബിക്കാനീറിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനാണ് ദീപക് ജോഷി.
ഇന്ത്യൻ പുരാണങ്ങളെ ആൽബർട്ട് ഐൻസ്റ്റീനും പ്രകീർത്തിച്ചിരുന്നതായി ലേഖനത്തിൽ പറയുന്നുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹര്‍ഷി ഭരദ്വാജ് എഴുതിയ വൈമാനിക ശാസ്ത്രത്തില്‍ വിമാനത്തിന്റെ ഘടനയും വിമാനം ഉണ്ടാക്കുന്നതെങ്ങനെയെന്നും വിശദമാക്കിയിട്ടുണ്ടെന്നു സമർഥിക്കാൻ കുറച്ചു കാലമായി സംഘപരിവാർ അനുകൂല ചിന്തകരും ചരിത്രകാരന്മാരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഒരു സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുതന്നെ ഇത്തരത്തിലുള്ള നിഗമനങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഇടം നല്‍കുന്നത് കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ്. ഇതിനെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്.
ജർമൻ ഏകാധിപതിയായ അഡോള്‍ഫ് ഹിറ്റ്ലര്‍ പുരാണങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പുസ്തകങ്ങള്‍ പഠിച്ചിരുന്നെന്നും അതിൽനിന്നു കൈപ്പറ്റിയ അറിവുകൾ ഉപയോഗിച്ച് സമയത്തിലൂടെ സഞ്ചരിക്കാനുള്ള ടൈം മെഷീന് നിര്‍മിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നുമാണ് പുസ്തകത്തിലുള്ളത്. നമ്മുടെ പൈതൃകങ്ങളെയും അറിവുകളെയും തമസ്കരിക്കാൻ ശ്രമിച്ചിരുന്ന പ്രത്യയശാസ്ത്രക്കാർ അവയെ വെറും ഫാന്റസി ആയാണ് വിലയിരുത്തിയതെന്നും സംഘപരിവാർ അനുഭാവി കൂടിയായ ദീപക് ജോഷി വ്യക്തമാക്കുന്നു. നമ്മുടെ മാധ്യമങ്ങൾ എല്ലാക്കാലത്തും നമ്മുടെ തദ്ദേശീയമായ നേട്ടങ്ങളെയും അറിവുകളെയും തമസ്കരിക്കുന്നതിൽ വിരുതു കാട്ടിയിരുന്നതായും അദ്ദേഹം ആരോപിക്കുന്നു.
ലേഖനം വിവാദമായതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. ലേഖനത്തിലുള്ളത് എഴുത്തുകാരന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വ്യാകരണത്തെറ്റുകള്‍ തിരുത്തുകയല്ലാതെ മറ്റൊന്നും തങ്ങള്‍ ചെയ്യാറില്ലെന്നും മാസികയുടെ സീനിയര്‍ എഡിറ്ററായ ജയ്പാല് സിംഗ് വിവാദത്തോടു പ്രതികരിച്ചു.
പ്രാചീന ഇന്ത്യന്‍ പുസ്തകങ്ങള്‍ വായിച്ച ശേഷം ഹിറ്റ്ലര്‍ ടൈം മെഷീനും മിസൈലുകളും ഉണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നതായി നിരവധി വെബ്സൈറ്റുകളിലും പുസ്തകങ്ങളിലും താന്‍ വായിച്ചിരുന്നതായി ലേഖകന്‍ ദീപക് ജോഷി പ്രതികരിച്ചു. ശ്രീരാമന്റെ അന്പെയ്ത്തു ശൈലിയിൽ വാർ മിസൈലുകൾ ഉണ്ടാക്കാൻ സാധിക്കുമോയെന്നു ഹിറ്റ്ലർ ചിന്തിച്ചിരുന്നതായും ഹിറ്റ്ലറുടെ ചിഹ്നമായ സ്വസ്തിക പോലും ഇന്ത്യയിലെ പ്രാചീന പുസ്തകങ്ങളില്‍ ഉണ്ടായിരുന്നതാണെന്നും അത് ജര്‍മന്‍കാര്‍ കൊണ്ടുപോയതാണെന്നും അദ്ദേഹം പറഞ്ഞു.
