ചെന്നൈ: എച്ച്‌ഐവി ബാധിതനെന്ന് തിരിച്ചറിയാതെ രക്തദാനം നടത്തിയ യുവാവിൽ നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണി അസുഖബാധിതയാതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച 19കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ മുധുരൈ രാജാജി സര്‍ക്കാര്‍ ആശുപത്രിയിൽ വെച്ചാണ് യുവാവ് മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

കുംടുംബത്തിനുണ്ടായ നാണക്കേടില്‍ മനംനൊന്ത് ബുധനാഴ്ചയാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടർന്ന് ​ഗുരുതരാവസ്ഥയിലായ ഇയാളെ രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് രാജാജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗര്‍ഭിണിക്ക്  എച്ച്ഐവി അണുബാധ ഉണ്ടായതോടെ കൃത്യമായി പരിശോധിക്കാതെ രക്തം നല്‍കിയ ലാബ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഈ മാസം ആദ്യമാണ് തമിഴ്‌നാട്ടില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സംഭവം നടന്നത്. വിരുതുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക് വിളര്‍ച്ചയുണ്ടെന്ന് കാണിച്ച് രക്തം ആശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതെത്തുടര്‍ന്ന് രക്തബാങ്ക് വഴിയാണ് രക്തം സ്വീകരിച്ചത്. രോഗബാധിതനാണെന്ന് അറിയുന്നതിന് മുമ്പ് യുവാവ് നല്‍കിയ രക്തമായിരുന്നു അത്. 

സാത്തൂരിലെ ഒരു ക്യാമ്പില്‍ വച്ചാണ് യുവാവ് രക്തം ദാനം ചെയ്തിരുന്നത്. പരിശോധനയില്‍ എച്ച്‌ഐവി ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ ബന്ധപ്പെടാന്‍ ക്യാമ്പ് സംഘാടകര്‍ അന്ന് ശ്രമിച്ചിരുന്നുവെങ്കിലും യുവാവ് സ്ഥലത്തില്ലാത്തതിനാല്‍ ഇതിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയില്‍ ഈ രക്തം സുരക്ഷിതമാണെന്ന് രേഖപ്പെടുത്തിയ വിഭാഗത്തില്‍ സൂക്ഷിക്കപ്പെടുകയായിരുന്നു. 
സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 3 ന് ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.