ലഖ്‍നൗ/ ഇറ്റാ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി. ആറു പേരുടെ കാഴ്ച നഷ്ടമായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. രണ്ടു ഡസനിലധികം ആളുകള്‍ വിവിധ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് നടത്തിയ റെയിഡുകളില്‍ സംസ്ഥാനത്താകെ 1,621 പേര്‍ അറസ്റ്റിലായി. 1585 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഉത്തര്‍പ്രദേശ് അലിഗഞ്ചിലെ ലുഹാരി ദര്‍വാസയിലും സമീപ പ്രദേശമായ ലൗഖേരാ ഗ്രാമത്തിലുമാണ് ദുരന്തമുണ്ടായത്. വെള്ളിയാഴ്ച രാത്രിയില്‍ ഒരു വിവാഹ വിരുന്നിനിടയിലെ മദ്യ സല്‍ക്കാരമാണ് ദുരന്തത്തില്‍ കലാശിച്ചത്.
14 പേര്‍ ശനിയാഴ്ച രാത്രിയില്‍ മരിച്ചു. ഞയാറാഴ്ച മരണസംഖ്യ 21 ആയി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്ന ആറു പേരുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടമായി. സംഭവത്തില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം മരിച്ചവരില്‍ ചിലരുടെ മൃതദേഹങ്ങളുമായി ഇറ്റാ-ഫാറൂഖ്ബാദ് റോഡ് ഉപരോധിച്ചിരുന്നു.
മരിച്ചവരുടെ കുടുംബത്തിന് അഖിലേഷ് യാദവ് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ എക്‌സൈസ് - പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. റെയിഡുകളില്‍ സംസ്ഥാനത്താകെ 1,621 പേര്‍ അറസ്റ്റിലായി. 1585 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 36,121 ലിറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തു. 197 അനധികൃത നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടി.
സംഭവത്തിലെ പ്രധാനപ്രതി ശ്രീപാല്‍ കഴിഞ്ഞ ദിവസം പൊലീസിന്‍റെ പിടിയിലായിരുന്നു. സംസ്ഥാനത്ത് ഈ വര്‍ഷം മൂന്നാമത്തെ മദ്യദുരന്തമാണിത്. സംസ്ഥാന ചരിത്രത്തിലെ വലിയ ദുരന്തങ്ങളിലൊന്നാണ് ഇപ്പോള്‍ സംഭവിച്ചത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഖിലേഷ് യാദവ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയായിരിക്കുയാണ് സംഭവം.
