തിരുവനന്തപുരം: ഹോര്‍ട്ടി കോര്‍പ്പിലെ അന്യ സംസ്ഥാന പച്ചക്കറി വിവാദത്തില്‍ വിശദീകരണവുമായി പിരിച്ചുവിടപ്പെട്ട എംഡി സുരേഷ് കുമാര്‍. പ്രത്യേക സാഹചര്യത്തിലാണു ഹോര്‍ട്ടി കോര്‍പ്പ് വഴി തമിഴ്നാട്ടിലെ പച്ചക്കറി നല്‍കിയതെന്നും റംസാന്‍ അവധിയായതിനാല്‍ തദ്ദേശ മാര്‍ക്കറ്റില്‍നിന്നു പച്ചക്കറി ലഭിച്ചില്ലെന്നും അദ്ദേഹം പത്ര പരസ്യത്തിലൂടെ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

റംസാന്‍ അവധിയായതിനാല്‍ തിരുവനന്തപുരത്തെയും നെടുമങ്ങാട്ടെയും വേള്‍ഡ് മാര്‍ക്കറ്റുകള്‍ അവധിയായിരുന്നു. ഹോര്‍ട്ടി കോര്‍പിനു പച്ചക്കറി നല്‍കുന്ന കര്‍ഷക കൂട്ടായ്മകളില്‍നിന്നുള്ള പച്ചക്കറികളും എത്തിയിരുന്നില്ല. ഈ സാഹചര്യം പരിഗണിച്ചാണ് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നതെന്നും സുരേഷ് കുമാര്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു.

ഹോര്‍ട്ടികോര്‍പ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നു മന്ത്രി വി.എസ്. സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം എംഡിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏഴിനു നടത്തിയ പരിശോധനയിലാണ് ഹോര്‍ട്ടികോര്‍പ് വഴി തമിഴ്നാട്ടിലെ പച്ചക്കറി വിതരണം ചെയ്തതായി കണ്ടെത്തിയത്.