പരുമലയിലെ സ്വകാര്യ ആശുപത്രിയാണ് മാലിന്യങ്ങള്‍ തള്ളാന്‍ ശ്രമിച്ചത് ലോറി നാട്ടുകാര്‍ തടയുകയായിരുന്നു  

ആലപ്പുഴ: പമ്പാനദിയില്‍ തള്ളാന്‍ ശ്രമിച്ച ആശുപത്രി മാലിന്യം നാട്ടുകാര്‍ തടഞ്ഞു. മാന്നാര്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ മാലിന്യങ്ങള്‍ വാഹനത്തില്‍ കയറ്റി പമ്പാനദിയില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടഞ്ഞു. മികച്ച മാലിന്യ സംസ്‌കാരണത്തിന് അവാര്‍ഡ് നേടിയ പരുമലയിലെ സ്വകാര്യ ആശുപത്രിയാണ് ഓപ്പറേഷന്‍ തീയേറ്ററിലെ മാലിന്യങ്ങള്‍ ഉള്‍പ്പെടെ സ്വന്തം ഉടമസ്ഥതയിലുള്ള നഴ്‌സിങ് കോളേജിന്‍റെ പിന്‍ഭാഗത്ത് നിക്ഷേപിക്കുകയും അവിടെ നിന്നു നദിയിലേക്ക് തള്ളാന്‍ ശ്രമവും നടത്തുന്നത്. മാലിന്യം തള്ളുന്നത് കാരണം പരിസരവാസികള്‍ക്ക് ദുര്‍ഗന്ധം മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. 

നദിയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് നിത്യസംഭവമാണ്. ഇതുപോലെ പല തവണനാട്ടുകാര്‍ ഇടപെട്ടു മാലിന്യവും വാഹനവും തടയയുകയും ചെയ്തിട്ടുണ്ട്. ഇനിയും ആവര്‍ത്തിക്കില്ല എന്നു മാനേജ്‌മെന്റ് ഉറപ്പു നല്‍കുകയും പിന്നീട് വീണ്ടും ഇത്തരം പ്രവര്‍ത്തികള്‍ മാനേജ്‌മെന്റ് തുടരുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ കടപ്ര ഗ്രാമപഞ്ചായത്തോ അധികൃതരോ തയ്യാറാകാത്തതിനാലാണ് ഇത്തരത്തില്‍ മാലിന്യ നിക്ഷേപം തുടരുന്നത്. ബന്ധപ്പെട്ട അധികൃതര്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു വരുമെന്നും നാട്ടുകാര്‍ പറഞ്ഞു.