കൊച്ചി: ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ്പില്‍ റെക്കോഡ് വില്‍പ്പന. അഞ്ച് ദിവസത്തിനുള്ളില്‍ 20 കോടി രൂപയുടെ പച്ചക്കറിയാണ് വിറ്റഴിച്ചത്. വിപണി ഇടപെടല്‍ ശക്തമാക്കിയതോടെ വിലക്കയറ്റം പിടിച്ച് നിര്‍ത്താനായെന്നും ഹോര്‍ട്ടികോര്‍പ്പ് അവകാശപ്പെട്ടു. പരാതികളില്ലാതെ ഓണക്കാലത്ത് പച്ചക്കറി വില്‍പ്പന നടത്താനായതിന്റെ സന്തോഷത്തിനാണ് ഹോര്‍ട്ടികോര്‍പ്പ്.
4,571 സ്റ്റാളുകളിലൂടെ 20 കോടി രൂപയുടെ പച്ചക്കറി അഞ്ച് ദിവസത്തിനുള്ളില്‍ ഹോര്‍ട്ടികോര്‍പ്പ് വിറ്റഴിച്ചു. ഇതില്‍ 11.6 കോടി രൂപയുടെ വില്‍പ്പനയും ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളുകളിലൂടെയായിരുന്നു. ഓണക്കാലം ലക്ഷ്യമിട്ട് മുന്നൊരുക്കങ്ങളോടെ പച്ചക്കറി സംഭരിക്കാനായതാണ് വിജയത്തിന് അടിസ്ഥാനം. ഓണക്കാലത്ത് ആവശ്യമായ പച്ചക്കറിയില്‍ നല്ലൊരു പങ്കും തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് ഹോര്‍ട്ടികോര്‍പ്പ് വാങ്ങിയത്.
കര്‍ണാടകയിലെ 1,200 കര്‍ഷക സംഘങ്ങളുമായി നേരത്തെ കരാറില്‍ എത്തിയതിനാല്‍ ഗുണമേന്‍മയുള്ള പച്ചക്കറികള്‍ വിലക്കുറവില്‍ ലഭ്യമാക്കാനായി. ഇത് നിമിത്തം ഉത്രാടത്തിനടക്കം കിലോയ്‌ക്ക് 50 രൂപ വിലയിലാണ് ഏത്തക്ക വിറ്റഴിച്ചതെന്നും ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാന്‍ പറഞ്ഞു. ഓണക്കാല വിപണി ഇടപെടല്‍ വിജയമായതോടെ മട്ടുപ്പാവ് കൃഷി പ്രോത്സാഹിപ്പിക്കാനാണ് ഹോര്‍ട്ടി കോര്‍പ്പിന്റെ തീരുമാനം.
