പണിമുടക്കുന്ന അഞ്ച് സംഘടനകളിലെ 483 ഉടമകളുടെ 900ത്തില്‍ അധികം വരുന്ന ബോട്ടുകളാണ് അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്.

ആലപ്പുഴ: ഹൗസ്‌ബോട്ട് മേഖലകളില്‍ ഉടമകളുടെ സമരം ആരംഭിച്ചു. ആലപ്പുഴയിലെ ടൂറിസം മേഖല സ്തംഭിച്ചു. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് കരാര്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹൗസ് ബോട്ട് ഉടമ സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്ക് തുടങ്ങിയത്. ഹൗസ് ബോട്ട് ഓണേഴ് ഫെഡറേഷന്‍ ഒഴികെയുള്ള മേഖലയിലെ അഞ്ച് സംഘടനകളുടെ കൂട്ടായ്മയായ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതൽ മുതല്‍ ഹൗസ് ബോട്ടുകളുടെ സര്‍വീസ് നിര്‍ത്തിവച്ചത്. 

പണിമുടക്കുന്ന അഞ്ച് സംഘടനകളിലെ 483 ഉടമകളുടെ 900ത്തില്‍ അധികം വരുന്ന ബോട്ടുകളാണ് അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്. ഹൗസ് ബോട്ടുടമകളും ജീവനക്കാരും തമ്മിലുണ്ടായ വേതന കരാര്‍ സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഉടമകള്‍ പണിമുടക്കിലേക്ക് നീങ്ങിയത്. തൊഴിലാളികളുടെ പുതിയ സേവന വേതന കരാര്‍ തയാറാക്കാതെ ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്തേണ്ടെന്നാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിലപാട്. 

കഴിഞ്ഞ 10 മുതല്‍ വേതന വര്‍ധനവാവശ്യപ്പെട്ട് ഹൗസ് ബോട്ട് ആന്‍ഡ് റിസോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു, ബിഎംഎസ് നേതൃത്വത്തിലുള്ള യൂണിയന്‍ എന്നിവര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതായി കാണിച്ച് ബോട്ടുടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിലും ജില്ലാ കളക്ടറുടെ സാന്നിധ്യത്തിലും ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിച്ചിരുന്നില്ല. ഇതിനിടയില്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കുന്നതിന്റെ തലേദിവസം ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷനുമായി യൂണിയനുകള്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ വച്ച് ചര്‍ച്ച നടത്തി. 

ഹൗസ് ബോട്ട് ഉടമകളുടെ ഇതര സംഘടനാ പ്രതിനിധികളെ അറിയിക്കാതെ നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളിയുടെ വേതനം പ്രതിമാസം 10,400 എന്നത് 12,000വും 250 ബാറ്റ എന്നത് 290 ആയും വര്‍ധിപ്പിക്കാന്‍ ധാരണയാകുകയും ചെയ്തു. എന്നാല്‍ ഏകപക്ഷീയമായി സേവന- വേതന വ്യവസ്ഥകളില്‍ വര്‍ധനവ് നടപ്പാക്കിയത് അംഗീകരിക്കാനാവില്ലായെന്ന നിലപാട് ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷന്‍ ഒഴികെയുള്ള ഹൗസ് ബോട്ട് ഉടമ സംഘടനകള്‍ എടുത്തതോടെയാണ് വിഷയം സങ്കീര്‍ണമായത്. 

നിലവില്‍ തൊഴിലാളികള്‍ പണിമുടക്ക് പിന്‍വലിച്ചെങ്കിലും ഉടമകള്‍ ഹൗസ് ബോട്ടുകള്‍ ഓടിക്കാന്‍ തയാറാകാത്തതോടെ ഫലത്തില്‍ ഹൗസ് ബോട്ട് മേഖല നിശ്ചലമാണ്. മുന്‍കൂട്ടിയുള്ള നിരവധി ബുക്കിംഗുകള്‍ ഇതിനോടകം റദ്ദു ചെയ്യേണ്ടിവന്നതായാണ് ഹൗസ് ബോട്ടുടമകള്‍ പറയുന്നത്. രാജീവ് ജെട്ടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പ്രീപെയ്ഡ് ബുക്കിംഗ് കൗണ്ടറിന്റെ ചില്ലുകള്‍ അക്രമി സംഘം ഇന്നലെഅടിച്ചുതകര്‍ത്തു. ഓഫീസിനുള്ളിലെ കസേരകളും മറ്റും വാരി വലിച്ചെറിയുകയും ചെയ്തു. സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് ഹൗസ് ബോട്ട് ഉടമകള്‍ നഗരത്തില്‍ ഇന്ന്പ്രകടനം നടത്തി.