ഇടുക്കി: ബന്ധുവീട്ടിലെത്തിയ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് ഉശിലംപെട്ടി സ്വദേശിനി സെല്‍വി(35)യെയാണ് മൂലത്തുറയ്ക്ക് സമീപമുള്ള ബന്ധുവീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെല്‍വിയുടെ ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.
ഭര്‍ത്താവുമായി വഴക്കിട്ട് കഴിഞ്ഞ ദിവസമാണ് സെല്‍വി മൂലത്തുറയിലെ അടുത്ത ബന്ധുവീട്ടിലെത്തിയത്. ഇന്നലെ രാവിലെ ബന്ധുക്കള്‍ ജോലിക്ക് പോയതിനാല്‍ സെല്‍വി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടുകാര്‍ എത്തിയപ്പോഴാണ് സെല്‍വിയെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴുത്തിലും നെഞ്ചിലും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം കിടന്നത്. ഇന്നലെ രാവിലെ 11 മണിക്ക് സെല്‍വിയുടെ ഭര്‍ത്താവ് ഇവിടെയെത്തിയതായി നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ശാന്തമ്പാറ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
