എംഎല്‍എയുടെയും മുന്‍ എംഎല്‍എയുടെയും വീടുകള്‍ അക്രമാസക്തരായ ആള്‍ക്കൂട്ടം തീയിട്ടു

ജയ്പൂര്‍: രാജസ്ഥാനിലെ ദളിതരായ സിറ്റിംഗ് എംഎല്‍എയുടെയും മുന്‍ എംഎല്‍എയുടെയും വീടുകള്‍ അക്രമാസക്തരായ ആള്‍ക്കൂട്ടം തീയിട്ടു. കരൗളിയിലെ ഹിന്ദ്വാനിലാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 5000 ഓളം വരുന്ന ആളുകള്‍ പ്രദേശത്തെ നിലവിലെ എംഎല്‍എയായ രാജ്കുമാരി ജാതവിന്‍റെയപം മുന്‍ എംഎല്‍എയായ ഭരോസിലാല്‍ ജാതവിന്‍റെയും വീടാണ് അഗ്നിക്കിടയാക്കിയത്. 

ബിജെപിയില്‍നിന്നുള്ള എംഎല്‍എയാണ് രാജ്കുമാരി ജാദവ്. ഭരോസിലാല്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമാണ്. മുന്‍ മന്ത്രികൂടിയാണ് ഭരോസിലാല്‍. ട്ടിക ജാതി പീഡന നിയമത്തിൽ സുപ്രീംകോടതിയുടെ ഇടപെടലിൽ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ 9 പേര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഇത് മുന്‍നിര്‍ത്തിയാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 

വീടിന് കല്ലെറിയുകയും പിന്നീട് തീയിടുകയുമായിരുന്നു. ചൊവ്വ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. നിരോധനാജ്ഞ ബുധനാഴ്ച വരെ നിലനില്‍ക്കും. അക്രമാസക്തരായ ഒരുപറ്റം വിഭാഗം ദളിതര്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ കടന്ന് കയറി ആക്രമണം അഴിച്ചുവിട്ടിരുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. 

കഴിഞ്ഞ ദിവസം നടന്ന ബന്ദില്‍ മധ്യപ്രദേശിൽ അഞ്ചു പേരും ഉത്തർ പ്രദേശിലും രാജസ്ഥാനിലും ഓരോരുത്തരുമാണു കൊല്ലപ്പെട്ടത്. ഗ്വാളിയോറിലും മൊറേനയിലും പൊലീസ് കര്‍ഫൂ പ്രഖ്യാപിച്ചു. വെടിവയ്പിനിടെ പൊലീസുകാർ ഉൾപ്പെടെ ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

രാജസ്ഥാനിലെ ബാർമേറിൽ കാറുകളും കെട്ടിടങ്ങളും പ്രതിഷേധക്കാർ തീയിടുകയും തകർക്കുകയും ചെയ്തു. ഒഡിഷയിലെ സാംബൽപുരിൽ സമരക്കാർ ട്രെയിൻ സർവീസ് തടഞ്ഞു. പട്ടികജാതി, വർഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരെ കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീം കോടതി ഉത്തരവിലാണ് പ്രതിഷേധം.