ആലപ്പുഴ: വീട്ടമ്മയെ നടുറോഡില്‍ മര്‍ദ്ദിക്കുകയും അസഭ്യം വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ യഥാസമയം പരാതി കൊടുത്തിട്ടും ചെങ്ങന്നൂര്‍ പോലീസ് കേസ്സെടുക്കുകയോ മറ്റ് നടപടി ക്രമങ്ങള്‍ പാലിക്കുകയോ ചെയ്തില്ലെന്ന് ജില്ല പോലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി. ചെങ്ങന്നൂര്‍ തിട്ടമേല്‍ നെടിയുഴത്തില്‍ വീട്ടില്‍ ശശിയുടെ ഭാര്യ സ്മിത ശശി (42) ആണ് പരാതിയുമായി രംഗത്തുള്ളത്. 

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷന് സമീപം സ്റ്റേഷനറി ബേക്കറി വ്യാപാരം നടത്തുന്ന ദമ്പതികളായ ഇവര്‍ സ്ഥാപനം ആരംഭിച്ച കാലം മുതല്‍ എതിര്‍വശത്ത് ടയര്‍ കട നടത്തുന്ന മാവേലിക്കര കുന്നം തെക്കേ പടിറ്റേതില്‍ ബാബു വീട്ടമ്മയെ ശല്യം ചെയ്തിരുന്നതായും ഇത് ചോദ്യം ചെയ്തതോടെ അസഭ്യം വിളിയും ആക്രമണവും നടത്തിയെന്നുമാണ് പരാതി. ജനുവരി 20 ന് കടയിലേക്ക് നടന്നു പോവുകയായിരുന്ന സ്മിതയെ പിന്നിലൂടെ എത്തി മര്‍ദ്ദിച്ചെന്നും വസ്ത്രം വലിച്ചുകീറിയും അപമാനിച്ചെന്നും ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 

എന്നാല്‍ സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞ് മാത്രമാണ് പോലീസ് പരാതി സ്വീകരിച്ചതായി രസീത് നല്‍കിയതെന്നും നാളിതുവരെ സ്ഥലത്തെത്തി അന്വേഷണം നടത്തുകയോ പ്രദേശവാസികളോട് സംഭവം അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. പരാതി കൊടുത്തിട്ടും പോലീസ് നടപടി എടുക്കാതായതോടെ മര്‍ദ്ദനം നടത്തിയ ബാബു കൂടുതല്‍ ഭീഷണിപ്പെടുത്തുകയും മാനഹാനി ഉണ്ടാക്കുന്നതരത്തില്‍ അപവാദം പറയുന്നതായും വീട്ടമ്മ പറഞ്ഞു. രണ്ട് പെണ്‍മക്കള്‍ മാത്രമാണ് ഇവര്‍ക്കുളത്. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം മൂലമാണ് പോലീസിന് പരാതി അന്വേഷിക്കാന്‍ താല്പര്യം കാണിക്കാതിരിക്കാന്‍ കാരണമെന്നും സ്മിത ശശി ആരോപിച്ചു.