സ്ത്രീയല്ലേ, അവര്‍ക്ക് എത്രത്തോളം ബുദ്ധിയുണ്ടാകും?: കത്വ അന്വേഷണ ഉദ്യോഗസ്ഥയ്ക്കെതിരെ പ്രതിഭാഗം അഭിഭാഷകന്‍

ശ്രീനഗര്‍: കത്വ അന്വേഷണ സംഘത്തിലെ ഏക വനിതാ ഉദ്യോഗസ്ഥയക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി പ്രതിഭാഗം അഭിഭാഷകന്‍ അന്‍കുര്‍ ശര്‍മ. എന്തായാലും ഒരു സ്ത്രീയല്ലേ എന്നും അവര്‍ക്ക് എത്രത്തോളം ബുദ്ധിയുണ്ടാകുമെന്നുമായിരുന്നു അകുര്‍ ശര്‍മയുടെ പരാമര്‍ശം.

അന്‍കുര്‍ ശര്‍മയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടയില്‍ കത്വ അന്വേഷണ സംഘത്തിലെ ഏക വനിതാ ഉദ്യോഗസ്ഥയായ ശ്വേതാംബ്രി ശര്‍മ പ്രതികരണവുമായി രംഗത്തെത്തി. വളരെ ഖേദകരമായ പ്രതികരണമാണ് അഭിഭാഷകനില്‍ നിന്നുണ്ടയതെന്നും ഒരു സ്ത്രീ ആയതുകൊണ്ട് മാത്രം ആക്രമിക്കപ്പെടുന്നതും രാജ്യസ്നേഹത്തിന്‍റെ മറവില്‍ ക്രിമനില്‍ കൃത്യങ്ങള്‍ അരങ്ങേറുന്നതും അപലപനീയമാണെന്ന് ശ്വേതാംബ്രി പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അറിയില്ലെന്നും രാജ്യമാണ് ഇവര്‍ക്ക് മറുപടി നല്‍കേണ്ടതെന്നും അവര്‍ പറ‍ഞ്ഞു.

Read More: ഒരു അദൃശ്യ ശക്തി ഞങ്ങളോടൊപ്പമുണ്ടായിരുന്നു, കത്വ അന്വേഷണ സംഘത്തിലെ ഏക വനിതാ ഉദ്യോഗസ്ഥ പറയുന്നു

നേരത്തെ അന്വേഷണ കാലയളവില്‍ സംഘം അനുഭവിച്ച കഷ്ടതകളും ബുദ്ധിമുട്ടുകളും ദ ക്വിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ ശ്വേതാംബ്രി തുറന്നടിച്ചിരുന്നു രാജ്യത്തുടനീളം വന്‍ പിന്തുണയാണ് അവര്‍ക്ക് ലഭിച്ചത്.