ഇന്ത്യൻ സൈനികരിൽ നിന്ന്​ വിവരങ്ങളും രേഖകളും ചോർത്താൻ ‘ഹണിട്രാപ്​’ ആയുധവുമായി ചൈനയും പാകിസ്​ഥാനും. ഇന്ത്യൻ രഹസ്യാനേഷണ ഏജൻസിയാണ് ഇത് കണ്ടെത്തിയത്. ശത്രു രാജ്യങ്ങൾ നടത്തുന്ന ഈ ശ്രമത്തെ കുറിച്ച് രഹസ്യാന്വേഷണ ഏജൻസി സൈനികർക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. 

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന സൈനികരുടെയും പോൺ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെയും സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നവരുടെയും വിവരങ്ങളാണ് പാകിസ്ഥാന്‍, ചൈനീസ് ഏജന്‍സികള്‍ ട്രാക്ക് ചെയ്യുന്നത്. വിദേശരഹസ്യാന്വേഷണ ഏജൻസികളാണ്​ ഇന്ത്യൻ സൈനികരുടെ ഇൻ്റർനെറ്റ്​ വിനോദങ്ങൾ ചോർത്തി നൽകുന്നത്​. ചൈനീസ്​ നിർമ്മിത സ്​മാർട്​ ഫോണുകൾ ഉപയോഗിക്കുന്ന ഇന്ത്യൻ ഒാഫീസർമാരെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഉർദു സംസാരിക്കുന്ന സുന്ദരികളായ പാകിസ്ഥാനി സ്ത്രീകൾ, ഇംഗ്ലീഷ് സംസാരിക്കുന്ന ചൈനീസ് സ്ത്രീകളെ തുടങ്ങിയവരെയാണ്​ ഹണിട്രാപ്പിനായി ഉപയോഗിക്കുന്നത്. വാട്സ്പ്പിലൂടെയും ഫേസ്ബുക്കിലൂടെയും സൗഹൃദം സ്ഥാപിക്കുകയും ശേഷം കോഫി ഷോപ്പിലോ, റെസ്റ്റോറൻറിലോ വെച്ച് കാണുകയുമാണ് പദ്ധതി. പിന്നീട്​ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. തുടർന്ന് ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുകയും സൈന്യവുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകളും ചോർത്താനും ശ്രമിക്കുകയുമാണ് ചെയ്യുന്നത്.