ഗുഹാഭിത്തിയിലെ വെള്ളം കുടിച്ചാണ് ഒൻപത് ദിവസം കഴിഞ്ഞതെന്ന് ഗുഹയിൽ കുടുങ്ങിയ കുട്ടികൾ 

തായ്‍ലന്‍ഡ്: ഗുഹാഭിത്തിയിലെ വെള്ളം കുടിച്ചാണ് തായ്‍ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ കുട്ടികൾ ഒൻപത് ദിവസം കഴിഞ്ഞതെന്ന് തായ് സൈനികമേധാവിയുടെ വെളിപ്പെടുത്തല്‍. അദ്ഭുതകരമായി ഇവരെ പുറത്തെത്തിച്ച രക്ഷാസംഘത്തിന് ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദനപ്രവാഹമാണ്.

പ്രതീക്ഷ യാഥാർത്ഥ്യമായതിന്റെ ആവേശത്തിലാണ് തായ് സൈന്യം. ദിവസങ്ങൾ പിന്നിടുന്തോറും കുട്ടികൾ ജീവനോടെയുണ്ടാകുമോയെന്ന് ആശങ്കയായിരുന്നു. എന്നാൽ ഭയപ്പെട്ടതൊന്നും നടന്നില്ലെന്നതിന്റെ ആശ്വാസത്തിലാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരുടെ പ്രതികരണം വ്യക്തമാക്കുന്നു. ഗുഹാഭിത്തിയിലെ വെള്ളം കുടിച്ചാണ് ഒൻപത് ദിവസം കഴിഞ്ഞതെന്നും സൈനിക മേധാവി അറിയിച്ചു.

കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പോഷകാഹാര കുറവും നിർജലീകരണവും ഉള്ളതിനാൽ ഇവർക്ക് ഏതാനും നാളുകൾ ആശുപത്രിയിൽ തുടരേണ്ടി വരും. ഈ സാഹചര്യത്തിൽ ഫുട്ബോൾ ലോകകപ്പ് കാണാനെത്തണമെന്ന ഫിഫയുടെ ക്ഷണം ഇവർക്ക് നിരസിക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ട്. 

ഇതിനിടെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരെ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിന്ദനങ്ങൾ ഒഴുകുകയാണ്. തായ് പ്രധാനമന്ത്രി രക്ഷാ പ്രവർത്തകരെ അഭിനന്ദിച്ചു. കൂട്ടായ പ്രവർത്തനമാണ് എല്ലാവരേയും പുറത്തെത്തിക്കാൻ സഹായിച്ചതെന്ന് ദൗത്യം ഏകോപിപ്പിച്ച ഗവ‍ർണർ നാരോംഗ്സാക് പറഞ്ഞു. ഇന്നലെ വരെ ലോകത്തെ മുൾമുനയിൽ നിർത്തിയിരുന്ന താം ലുവാങ് ഗുഹാ സങ്കേതം ഇപ്പോൾ ശാന്തമാണ്. അവസാനത്തെ രക്ഷാപ്രവർത്തകനും ഇവിടം വിട്ടു.