ദില്ലി: മനോഹർപരീക്കർ ഗോവ മുഖ്യമന്ത്രിയാകുന്നതോടെ കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിക്ക് കളമൊരുങ്ങി. ഉത്തർപ്രദേശിൽ പുതിയ മുഖ്യമന്ത്രി ആരാകും എന്നതിനെക്കുറിച്ച് ബിജെപിയിലെ തീരുമാനം നീളുകയാണ്. മുസ്ലിം വിഭാഗത്തിൽ നിന്ന് ഉത്തർപ്രദേശിൽ മന്ത്രിയുണ്ടാകുമെന്ന് കേന്ദ്ര നിരീക്ഷകൻ വെങ്കയ്യനായിഡു പറഞ്ഞു.
മനോഹർ പരീക്കർ രാജി വച്ചതോടെ കേന്ദ്ര മന്ത്രിസഭയിൽ പ്രധാന വകുപ്പിലാണ് ഒഴിവു വരുന്നത്. തല്‍ക്കാലം ഈ വകുപ്പിന്‍റെ ചുമതല മറ്റൊരാൾക്ക് കൈമാറും. അടുത്ത മാസം പകുതിയാടെ കാര്യമായ മാറ്റം ഉണ്ടാകും. അരുൺ ജെയ്റ്റിലിയെ ധനമന്ത്രാലയത്തിൽ നിന്ന് മാറ്റുമെന്ന അഭ്യൂഹമുണ്ട്.
ഇനി നടക്കാൻ പോകുന്ന നിയസഭാ തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാൻ ലക്ഷ്യം വച്ചായിരിക്കും മാറ്റങ്ങൾ. ഒപ്പം കേരളം പശ്ചിമബംഗാൾ തുടങ്ങി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ലക്ഷ്യം വയ്ക്കുന്ന സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യം നല്കിയേക്കും. ഉത്തർപ്രദേശിലും ഉത്തരാഖണ്ടിലും മുഖ്യമന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം നീളുകയാണ്. കേന്ദ്ര ടെലികോം മന്ത്രി മനോജ് സിൻഹ,സംസ്ഥാന അദ്ധ്യക്ഷൻ കേശവ് പ്രസാദ് മൗര്യ എന്നിവരുടെ പേരുകളാണ് പ്രധാനമായും പ്രചരിക്കുന്നത്.
രാജ്നാഥ് സിംഗുമായി അമിത് ഷാ ഇന്നലെ കൂടിക്കാഴ്ച നടത്തിയതും കേന്ദ്ര ആഭ്യന്തരമന്ത്രി യുപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിൽ മുസ്ലിം വിഭാഗത്തിൽ നിന്ന് ആർക്കും ബിജെപിയും സഖ്യകക്ഷികളും സീറ്റ് നല്‍കിയിരുന്നില്ല.
എന്നാൽ ഉപരിസഭയിൽ ഒരാളെയെങ്കിലും അംഗമാക്കി ന്യൂനപക്ഷ പ്രാതിനിധ്യം മന്ത്രിസഭയിൽ ഉറപ്പാക്കുമെന്ന് പാർട്ടി നിരീക്ഷകനായ വെങ്കയ്യ നായിഡു പറഞ്ഞു. ഇതാദ്യമായി മുപ്പതിലധികം വനിതകൾ ഇത്തവണ ഉത്തർപ്രദേശ് നിയമസഭയിൽ എത്തി. കോൺഗ്രസ് വിട്ടു വന്ന റീതാ ബഹുഗുണ ജോഷി മന്ത്രിയായേക്കും.
