ജനം വീടിന് വെളിയിലിറങ്ങാതായതോടെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായിത്തെരുവ് നിശ്ചലമായി

കോഴിക്കോട്: നിപ വൈറസ് ഭീതി കോഴിക്കോടിന്‍റെ വ്യാപാര രംഗത്തെ സാരമായി ബാധിച്ചു. ആളുകൾ പുറത്തിറങ്ങാൻ മടിച്ചതോടെ കോടിക്കണക്കിന് രൂപയുടെ വ്യാപാരനഷ്ടമാണ് കോഴിക്കോട് നഗരത്തിൽ മാത്രം ഉണ്ടായതെന്നാണ് കണക്കുകൾ. 

കോഴിക്കോട് നഗരത്തില്‍ റെക്കോര്‍ഡ് കച്ചവടം നടക്കുന്ന സീസണാണിത്. എന്നാല്‍ റംസാന്‍ മാസത്തില്‍ നിപ ഭീതി പരന്നതോടെ വ്യാപാരമേഖലയുടെ നട്ടെല്ലൊടിഞ്ഞു. നിപ സ്ഥിരീകരിച്ച ശേഷമുള്ള രണ്ടാഴ്ചയില്‍ അന്‍പത് ശതമാനത്തിലധികം വരുമാനനഷ്ടമാണ് ഭൂരിപക്ഷം വ്യാപാരികള്‍ക്കുമുണ്ടായത്. 

ജനം വീടിന് വെളിയിലിറങ്ങാതായതോടെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായിത്തെരുവ് നിശ്ചലമായി. പഴ വിപണിക്കാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. പഴ വ്യാപാരികള്‍ പുറത്ത് വിട്ട കണക്കനുസരിച്ച് സംസ്ഥാനത്ത് പതിനായിരം കോടി രൂപയുടെ നഷ്ടം ഉണ്ടായി. ഹോട്ടല്‍ വ്യാപാരം, ഇറച്ചി കോഴികച്ചവടം എന്നീമേഖലയിലുള്ളവരും നഷ്ടങ്ങളുടെ കണക്കെണ്ണുകയാണ്.

നിപ ഭീതി കെഎസ് കെആര്‍ടിസിക്കും തിരിച്ചടിയായി. കോഴിക്കോട് സോണിൽ മാത്രം പ്രതിദിനം മുപ്പത് ലക്ഷം രൂപയുടെ വരുമാന നഷ്ടമുണ്ടായി. സ്വകാര്യ ബസ് സര്‍വ്വീസുകളും വെട്ടി കുറച്ചു. സ്വകാര്യ ആശുപത്രികളിലും തിരക്കൊഴിഞ്ഞു. വിപണിയിലും മറ്റും ഏറ്റവുമധികം വരവ് പ്രതീക്ഷിക്കുന്ന സമയത്തെ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ മാസങ്ങളെടുക്കുമെന്നാണ് വിലയിരുത്തൽ.