റിസോർട്ടിൽ സൗദി ബാലൻ മുങ്ങി മരിച്ച സംഭവത്തില്‍ റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം

കോട്ടയം. കുമരകം അവ ദോ റിസോർട്ടിൽ സൗദി ബാലൻ മുങ്ങി മരിച്ച സംഭവത്തില്‍ മരണകാരണം ശാസ്ത്രീയമായി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. സംഭവത്തില്‍ പൊലീസിന് കമ്മീഷന്റെ രൂക്ഷ വിമർശനം. കുട്ടിയുടെ അച്ഛന്റെ മൊഴി പോലും രേഖപ്പെടുത്തിയില്ലെന്നും ആരോപണം. 

റിസോട്ടിലെ മാനേജരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ സൗദി ബാലൻ റിസോട്ടിലെ നീന്തൽകുളത്തിൽ മുങ്ങി മരിച്ചത്. നാലുവയസുകാരനായ മജീദ് ആദിന്‍ ഇബ്രാഹിമാണ് മരിച്ചത്. മജീദ് ആദിന്‍ മുങ്ങി മരിക്കുകയായിരുന്നു എന്നാണ് റിസോര്‍ട്ട് അധികൃതര്‍ പോലീസിനോട് പറഞ്ഞത്. 

എന്നാല്‍ മകന്‍ മുങ്ങി മരിക്കുകയായിരുന്നില്ലെന്നും നീന്തല്‍ കുളത്തിലെ വൈദ്യുതാഘാതമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നും പിതാവ് ഇബ്രാഹിം ആരോപിച്ചിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച റിസോര്‍ട്ടിലെ മറ്റൊരു വ്യക്തിയും കുളത്തില്‍ വൈദ്യുതാഘാതം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ കൈയില്‍ പിടിച്ചപ്പോള്‍ ഷോക്കേറ്റതിനെ തുടര്‍ന്ന് താന്‍ കൈ വിടുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞിരുന്നു.