ഒമാനിലെ സലാലയില്‍ വച്ചാണ് കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ലിന്‍സനടക്കം രണ്ട് പേരെ കരുതല്‍ കസ്റ്റഡിയെടുത്തെന്ന് ഒമാന്‍ പൊലീസ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായി കേന്ദ്ര വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

കൊലപാതകത്തെ സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനായാണ് ലിന്‍സനെയും അയല്‍ക്കാരനായ പാകിസ്ഥാന്‍ സ്വദേശിയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം ഒമാനില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അന്വേഷണത്തിന്റെ പ്രാരംഭ നടപടികള്‍ക്കു ശേഷം മാത്രമേ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുകയുള്ളൂവെന്നും വികാസ് സ്വരൂപ് അറിയിച്ചു. അങ്കമാലി സ്വദേശിയായ ചിക്കു നാലു വര്‍ഷമായി ഒമാനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.