ഹൈദരാബാദ്: മൂന്ന് വയസുകാരിയെ തലയറുത്ത് കൊന്നതിന് ദമ്പതികള്‍ അറസ്റ്റില്‍. ചന്ദ്രഗ്രഹണം നടന്ന ജനുവരി 31 നാണ് ദമ്പതികള്‍ മനുഷ്യക്കുരുതി നടത്തിയത്. ഹൈദരാബാദിലാണ് സംഭവം. ദീര്‍ഘനാളായി അസുഖബാധിതയായ ഭാര്യ സുഖം പ്രാപിക്കുന്നതിനായാണ് ഭര്‍ത്താവ് രാജശേഖര്‍ മനുഷ്യക്കുരുതി നടത്തിയതെന്നാണ് ദേശീയ മാധ്യമം റിപ്പോട്ട് ചെയ്യുന്നത്.
വഴിയരികില്‍ ഉറങ്ങിക്കിടന്ന യാചകരുടെ പക്കല്‍ നിന്നും രാത്രി കുട്ടിയെ തട്ടിയെടുക്കുയായിരുന്നു രാജശേഖര്‍. തുടര്‍ന്ന് കുട്ടിയുടെ തലയറുത്തതിന് ശേഷം ശരീരം പുഴയില്‍ ഒഴുക്കി തല പോളിത്തീന്‍ ബാഗിലാക്കി വീട്ടിലേക്ക് പോയി. പിന്നീട് രാത്രി മൂന്ന് മണിക്ക് ഭാര്യയോടൊപ്പം വീട്ടില്‍ വെച്ച് ബ്ലാക്ക് മാജിക്കിലേര്‍പ്പെടുകയായിരുന്നു. ഇതിനുശേഷം വീടിന്‍റെ ടെറസില്‍ കുട്ടിയുടെ തല ഉപേക്ഷിച്ചു.
ഫെബ്രുവരി ഒന്നിന് രാജശേഖരിന്‍റെ ഭാര്യാമാതാവ് ഉണങ്ങിയ തുണിയെടുക്കാനായി ടെറസില്‍ കയറിയതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. പിന്നീട് ഫെബ്രുവരി ഒന്‍പതിന് രാജശേഖരിന്‍റെ വീട്ടില്‍ പൊലീസ് അന്വേഷണം നടത്തുകയും കിടപ്പുമുറിയില്‍ രക്തം കണ്ടെത്തുകയായിരുന്നു. തലയുടെ ഡിഎന്‍എയും പ്രതിയുടെ വീട്ടില്‍ നിന്നും ശേഖരിച്ച രക്തവും മാച്ച് ചെയ്തു. വീട്ടില്‍ നിന്ന് ബ്ലാക്ക് മാജിക്ക് നടത്തിയന്ന് പ്രതി പിന്നീട് പൊലീസിനോട് സമ്മതിച്ചു. കുറ്റം നടത്താനായി ഭര്‍ത്താവിനെ പ്രോത്സാഹിപ്പിച്ചതായി ശ്രീലതയും സമ്മതിച്ചു.
