മഹാരാഷ്ട്രയില്‍ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ അശോക് ധാവെ പോലുള്ള ആളുകളെ പോളിറ്റ് ബ്യൂറോയില്‍ എത്തണമെന്നും യെച്ചൂരി ആവശ്യപ്പെടുന്നു.

ദില്ലി: സിപിഎമ്മിന്‍റെ കേന്ദ്ര കമ്മിറ്റി,പോളിറ്റ് ബ്യൂറോ അംഗങ്ങളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് സിപിഎം തലപ്പത്ത് വിയോജിപ്പ് തുടരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് യെച്ചൂരി തുടരുമെന്ന് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും സിസി, പോളിറ്റ് ബ്യൂറോ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പ്രകാശ് കാരാട്ട് പക്ഷവും യെച്ചൂരിയും തമ്മിലും വിയോജിപ്പ് തുടരുകയാണ്. 

ജനറല്‍ സെക്രട്ടറിയ്ക്ക് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കണമെന്നും അതിന് അനുയോജ്യമായ കേന്ദ്രകമ്മിറ്റി വേണം രൂപീകരിക്കാനെന്നും ബംഗാള്‍ പക്ഷം ആവശ്യപ്പെടുന്നുണ്ട്. പഞ്ചാബ് അടക്കമുള്ള പല സംസ്ഥാനങ്ങളിലെ അംഗങ്ങളും ഇതിനെ പിന്തുണയ്ക്കുന്നു. 

എന്നാല്‍ നിലവിലുള്ള കമ്മിറ്റി തുടരട്ടെ എന്ന നിലപാടാണ് പ്രകാശ് കാരാട്ടും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും സ്വീകരിച്ചിട്ടുള്ളത്. പ്രായപരിധി കഴിഞ്ഞ പോളിറ്റ് ബ്യൂറോ മെന്പര്‍ എസ്.രാമചന്ദ്രന്‍പിള്ളയെ പ്രത്യേക ഇളവ് നല്‍കി ഉന്നതസമിതിയില്‍ നിലനിര്‍ത്തണമെന്നും കാരാട്ട് പക്ഷം ആവശ്യപ്പെടുന്നുണ്ട്. 

എന്നാല്‍ പാര്‍ട്ടിയുടെ ഉന്നതഘടകങ്ങളില്‍ കാര്യമായ അഴിച്ചു പണി നടത്തി സംഘടനയെ കൂടുതല്‍ ചലനാത്മകമാക്കണമെന്നാണ് യെച്ചൂരിയുടെ നിലപാട്. 
തമിഴ്നാട്ടില്‍ നിന്നും രണ്ട് പേര്‍ ഇപ്പോള്‍ പിബിയിലുണ്ട്. എന്നാല്‍ ആ രണ്ട് പേരേയും സംസ്ഥാന ഘടകം എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റിയ്ക്ക് കൂടി താത്പര്യമുള്ളവരോ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് രംഗരാജനോ പോലുള്ളവര്‍ പിബിയിലേക്ക് വരട്ടെയെന്നാണ് യെച്ചൂരി പറയുന്നത്.

മഹാരാഷ്ട്രയില്‍ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ അശോക് ധാവെ പോലുള്ള ആളുകളെ പോളിറ്റ് ബ്യൂറോയില്‍ എത്തണമെന്നും യെച്ചൂരി ആവശ്യപ്പെടുന്നു. ഉത്തരേന്ത്യയില്‍ നിന്നും മറ്റും കഴിവുള്ള നേതാക്കളെ പിബിയിലെത്തിച്ചാല്‍ അവിടെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഊര്‍ജം ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം നേതാക്കളോട് പങ്കുവയ്ക്കുന്നു.