നെയ്മര്‍ പ്രവചനാതീതനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ എങ്ങനെ തടയുമെന്ന് എനിക്കറിയില്ല. ഞാന്‍ ഒപ്പം കളിച്ചിട്ടുള്ളവരിലും എതിരെ കളിച്ചുട്ടള്ളവരിലും ഏറ്റവും മികച്ച കളിക്കാരനാണ് നെയ്മര്‍.

മോസ്കോ: ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയവും ബ്രസീലും ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യം നെയ്മറെ ബെല്‍ജിയം എങ്ങനെ പൂട്ടുമെന്നാണ്. മെകിസ്ക്കോക്കെതിരെ ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞ നെയ്മര്‍ ബെല്‍ജിയത്തിനെതിരെയും ഇതേ കളി പുറത്തെടുത്താല്‍ ബ്രസീല്‍ അനായാസം സെമിയിലെത്തും. ബെല്‍ജിയം പ്രതിരോധ നിരയിലെ തോമസ് മ്യൂനൈയര്‍ക്കാണ് നെയ്മറെ തടയാനുള്ള ഉത്തരവാദിത്തം. എന്നാല്‍ നെയ്മറെ തടയാനായി തന്റെ കൈയില്‍ പദ്ധതികളൊന്നുമില്ലെന്ന് മ്യൂനൈയര്‍ പറയുന്നു. പാരീസ് സെന്റ് ജെര്‍മനില്‍(പിഎസ്‌ജി) നെയ്മറുടെ സഹതാരമാണ് മ്യൂനൈയര്‍.

നെയ്മര്‍ പ്രവചനാതീതനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ എങ്ങനെ തടയുമെന്ന് എനിക്കറിയില്ല. ഞാന്‍ ഒപ്പം കളിച്ചിട്ടുള്ളവരിലും എതിരെ കളിച്ചുട്ടള്ളവരിലും ഏറ്റവും മികച്ച കളിക്കാരനാണ് നെയ്മര്‍. എന്തായാലും നെയ്മറെ തടയാനായി ഞാന്‍ കഴിവിന്റെ പരമാവധി ചെയ്യും. ഞങ്ങള്‍ക്കും അവസരമുണ്ടെന്ന് എനിക്കറിയാം. അതേസമയം, നെയ്മര്‍ മാത്രമല്ല ബ്രസീലിന്റെ മറ്റ് താരങ്ങളെ തടയുകയും ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് മ്യൂനൈയര്‍ പറഞ്ഞു.

നെയ്മര്‍ക്ക് പുറമെ കുടീഞ്ഞോ, ഫിര്‍മിനോ, ജീസസ്, മാഴ്സലോ അങ്ങനെ ബ്രസീലിന്റെ ഓരോരുത്തരും മികവുറ്റവരാണ്. അതുകൊണ്ടുതന്നെ ബ്രസീലിനെ തോല്‍പ്പിക്കാന്‍ 100 ശതമാനം പോര, 120 ശതമാനം പുറത്തെടുക്കണം. ഞങ്ങള്‍ ഫേവറൈറ്റുകളല്ല. അതുകൊണ്ടുതന്നെ ഈ ക്വാര്‍ട്ടര്‍ തന്നെ ഞങ്ങള്‍ക്ക് ഫൈനലാണ്. സംഘബലത്തിന്റെ കരുത്തില്‍ അവരെ തോല്‍പ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ അത് എളുപ്പമല്ലെന്ന് അറിയാമെന്നും മ്യൂനൈയര്‍ വ്യക്തമാക്കി.