കേസ് പൊലീസ് കെട്ടിച്ചമച്ചത്, കൃത്യമായ അന്വേഷണം നടക്കണമെങ്കില്‍ സിബിഐ വരണം ഇരയ്ക്ക് നല്‍കുന്ന അതേ പരിഗണന തങ്ങള്‍ക്കും നല്‍കണം

ദില്ലി: കത്വ പെണ്‍കുട്ടിക്ക് താന്‍ മുത്തച്ഛനെപ്പോലെയായിരുന്നെന്ന് മുഖ്യപ്രതി സഞ്ജി റാം. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും കൃത്യമായ അന്വേഷണം നടക്കണമെങ്കില്‍ സിബിഐ വരണമെന്നും സഞ്ജി റാം സുപ്രീം കോടതിയില്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് പരാമര്‍ശം. 

ബക്കര്‍വാള്‍ സമൂഹത്തില്‍പെട്ട എട്ടുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് സഞ്ജി റാം. ഇരയ്ക്ക് നല്‍കുന്ന അതേ പരിഗണന തങ്ങള്‍ക്കും നല്‍കണമെന്ന് സത്യവാങ്മൂലത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നു. കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും നിലവിലുള്ളത് പൊലീസ് കെട്ടിച്ചമച്ച ആരോപണമാണെന്നും സഞ്ജി റാം പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ ഒരു ഭീഷണി ഇല്ലെന്നും വിചാരണ സ്ഥലം മാറ്റണ്ട ആവശ്യമില്ലെന്നും സഞ്ജി റാം സത്യവാങ്മൂലത്തില്‍ പറയുന്നു. വിചാരണ ചണ്ഡിഗലിലേക്ക് മാറ്റരുതെന്നും കേസിലെ 221 സാക്ഷികളെ ഇത്ര ദൂരം എത്തിക്കുകയെന്നത് ബുദ്ധിമുട്ടാവുമെന്നും അദ്ദേഹം പറയുന്നു. 

പെണ്‍കുട്ടിയെ കൊലചെയ്യാന്‍ പദ്ധതിയിട്ടത് പ്രധാനപ്രതി സഞ്ജി റാമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മകന് ലൈംഗിക പീഡനത്തില്‍ പങ്കുള്ളതിനാലാണ് പെണ്‍കുട്ടിയെ കൊലചെയ്യാന്‍ തീരുമാനിച്ചതെന്നും സഞ്ജി റാം പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ നിന്നും ഗുജ്ജര്‍, ബക്കര്‍വാള്‍ സമുദായങ്ങളെ ഓടിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സഞ്ജി റാമിന്റെ ഉടമസ്ഥതയിലുള്ള ഒരു ചെറു ക്ഷേത്രത്തിലെ ദേവസ്ഥാനില്‍വെച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.