വിവാദപ്രസ്താവനയുമായി  കോണ്‍ഗ്രസ് എംഎല്‍എ ജെനിബന്‍ താക്കൂർ രം​ഗത്ത് ബിജെപി നേതാക്കളെ കൊന്നിട്ട് ജയിലില്‍ പോകാന്‍  തയ്യാറാണെന്ന് ജെനിബന്‍

ഗാന്ധിനഗര്‍: വിവാദപ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍എ ജെനിബന്‍ താക്കൂർ രം​ഗത്ത്. ബിജെപി നേതാക്കളെ കൊന്നിട്ട് ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് ജെനിബന്‍ പറഞ്ഞു.കര്‍ഷകരുടെ ക്ഷേമത്തിനായി താന്‍ എന്തും ചെയ്യും, അവരെ ബുദ്ധിമുട്ടിക്കുന്നത് ബിജെപിയാണെന്നും ജെനിബന്‍ ആരോപിച്ചു.

എല്ലാ ബുദ്ധിമുട്ടുകളും അവർ അനുഭവിച്ച് കഴിഞ്ഞു.ഭരണ പാര്‍ട്ടിയായ ബിജെപി കർഷകരുടെ പ്രശ്നത്തിൽ ഇടപ്പെടുന്നില്ലെന്ന് ജെനിബന്‍ പറഞ്ഞു.കർഷകരുടെ പ്രശ്നത്തിൽ ഇനിയും പ്രതികരിച്ചില്ലെങ്കില്‍ ആയുധം കൈയ്യിലെടുത്ത് ബിജെപിക്കെതിരെ താന്‍ പോരാടും, അതില്‍ ജയിലില്‍ പോകേണ്ടി വന്നാലും കുഴപ്പമില്ലെന്നും എംഎല്‍എ പറഞ്ഞു.

എംഎല്‍എ എന്ന നിലയില്‍ ആയുധം കൈയ്യിലെടുത്ത് കൊല ചെയ്ത് ജയിലില്‍ പോകും എന്ന് പറയാന്‍ പാടുള്ളതല്ല. എന്നാല്‍ കര്‍ഷകര്‍ക്കായി അതും ചെയ്യേണ്ടി വരും. കര്‍ഷകര്‍ക്കായി ഏതറ്റം വരെ പോകുവാനും കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാണെന്നും ജെനിബന്‍ പറഞ്ഞു.

ജൂണ്‍ ഒന്ന് മുതല്‍ 10 ദിവസം കര്‍ഷക സമരം കര്‍ഷകര്‍ സങ്കടിപ്പിച്ചിരുന്നു. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് കര്‍ഷകരാണ് സമരത്തില്‍ പങ്കെടുത്തത്. ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം.സോഷ്യൽ മീഡിയയിൽ ജെനിബയുടെ പ്രസം​ഗം ഇപ്പോൾ വെെറലായിരിക്കുകയാണ്.