ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കുന്നതിൽ അസോസിയേഷന് അതൃപ്തി ഐപിഎസ് അസോസിയേഷൻ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണുന്നു കൂടുതൽ പൊലീസുകാരുള്ളത് രാഷ്ടീയക്കാർക്കൊപ്പമാണെന്ന് അസോസിയേഷൻ
തിരുവനന്തപുരം: പൊലീസിന്റെ ദാസ്യപ്പണിയിൽ ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കുന്നതിൽ ഐപിഎസ് അസോസിയേഷന് കടുത്ത അതൃപ്തി. തിരുവനന്തപുരത്ത് അസോസിയേഷൻ പ്രതിനിധികൾ പ്രതിനിധികള് മുഖ്യമന്ത്രിയെ കാണുന്നു.
സുരക്ഷയ്ക്കായി കൂടുതൽ പൊലീസുകാരുള്ളത് രാഷ്ട്രീയക്കാർക്കൊപ്പമാണെന്ന് ഐപിഎസ് അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കുന്നു. പൊലീസുകാരുടെയും ക്യാമ്പ് ഫോളോവർമാരുടെയും കാര്യത്തിൽ വ്യക്തമായ മാർഗ നിർദ്ദേശം വേണമെന്നാണ് അസോസിയേഷൻറെ ആവശ്യം.
അതേസമയം, പൊലീസുകാരെയും ക്യാമ്പ് ഫോളോവര്മാരെയും അംഗരക്ഷകരാക്കി കൊണ്ടുനടക്കുന്നവരുടെ കണക്കെടുപ്പ് പൂര്ത്തിയായി. 984 പൊലീസുകാരാണ് അംഗരക്ഷരായും ഉന്നതരുടെ ഓഫീസുകളിലും മറ്റുമായി ജോലി ചെയ്യുന്നതെന്നാണ് അന്തിമ പട്ടിക വ്യക്തമാക്കുന്നത്. എഡിജിപി നടത്തിയ കണക്കെടുപ്പിന്റെ വിവരങ്ങള് ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചു.
പൊലീസ് ഉന്നതരുടെ വീട്ടുപണിക്കായി 29 ക്യാമ്പ് ഫോളോവര്മാരെ നിയോഗിച്ചിരിക്കുന്നുവെന്നാണ് കണക്കുകള് പറയുന്നത്. ഉന്നതരുടെ സുരക്ഷയ്ക്ക് ആകെ 984 പൊലീസുകാര്. അതില് മന്ത്രിമാർക്കും ജുഡിഷ്യൽ ഓഫീസർമാർക്കുമൊപ്പമാണ് കൂടുതൽ പൊലീസുകാർ ഉള്ളത്. ജഡ്ജിമാരുടെ സുരക്ഷയ്ക്കായി 173 പേരും മന്ത്രിമാരുടെയും നേതാക്കളുടെയും സുരക്ഷയ്ക്ക് 388 പേരുമാണ് ഉള്ളത്. ഐപിഎസ് ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം 333 പേരും ഐഎഎസ്- ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി 64 പൊലീസുകാരും പ്രവര്ത്തിക്കുന്നു. നിയമനങ്ങളിൽ പലതും ചട്ടങ്ങൾ ലംഘിച്ചാണെന്നും വ്യക്തമാകുന്നു. ഡിജിപിയുടെ സുരക്ഷയ്ക്ക് മാത്രമായി മൂന്ന് എസ്യുവി വാഹനങ്ങളാണ് ഉള്ളതെന്നും കണക്കുകള് സൂചിപ്പിക്കുന്നു.
