വിജിലന്‍സ് ഡയറക്ടര്‍-ഐഎഎസ് പോര് വഴിത്തിരിവിലേക്ക്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച കൂട്ട അവധിയെടുക്കും. ബന്ധുനിയമന കേസില്‍ വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതി ചേര്‍ത്തതടക്കമുള്ള നടപടികള്‍ ചട്ടവിരുദ്ധമാണെന്ന് ഐഎഎസ് അസോസിയേഷന്‍ വിലയിരുത്തി. ഗുരുതര ക്രമക്കേടുകള്‍ നടത്തിയ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നും ഐഎഎസ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

ജേക്കബ് തോമസിനെതിരായ നിലപാട് കടുപ്പിച്ചാണ് കൂട്ട അവധിയെടുക്കാന്‍ ഐഎഎസ് അസോസിയേഷന്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചത്. ജേക്കബ് തോമസിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന പ്രസ്താവനയും അസോസിയേഷന്‍ പുറത്തിറക്കി. മന്ത്രിയായിരുന്ന ഇപി ജയരാജന്‍ രേഖാമൂലം പുറത്തിറക്കിയ നിര്‍ദ്ദേശം അനുസരിക്കുക് മാത്രം ചെയ്ത് പോള്‍ ആന്റണിയെ ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ത്തത് അസാധാരണ നടപടിയാണ്.

മലബാര്‍‍ സിമന്റസ് എംഡിയായിരുന്ന പത്മകുമാറിനെ അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി വിജിലന്‍സ് ഡയറക്ടര്‍ എന്ന പദവി ഉപയോഗിച്ച് ജേക്കബ് തോമസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നു. ഒപ്പം തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് 50 കോടിയുടെ നഷ്‌ടം ഖജനാവിനുണ്ടാക്കിയെന്നും ഐഎഎസ് അസോസിയേഷന്‍ വിമര്‍ശിക്കുന്നു.

ജേക്കബ് തോമസിന് 50 കോടിയുടെ അനധികൃത സ്വത്ത് സമ്പാദ്യമുണ്ടെന്ന പരാതിയിലും കര്‍ണ്ണാകടയില്‍ വനഭൂമി കയ്യേറിയതിലും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരെ പ്രതിഷേധ അവധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയെ കണ്ട് ജേക്കബ് തോമസിന്റെ നടപടികള്‍ക്കെതിരെ അസോസിയേഷന്‍ പ്രതിഷേധിക്കും.സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കുന്ന കടുത്ത പ്രതിഷേധത്തിലേക്ക് ഐഎഎസ് അസോസിയേഷന്‍ നീങ്ങുമ്പോള്‍ മുഖ്യമന്ത്രിയുടെ അടുത്ത നടപടി നിര്‍ണ്ണായകമാണ്.