ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അര്‍ജന്‍റീനയ്ക്ക് സമനില മെസി പെനാല്‍റ്റി പാഴാക്കി
മോസ്കോ: കാലവും സമയവും ചിലപ്പോള് ചിലരോട് നീതി പുലര്ത്താറില്ല. എത്ര അമാനുഷനായാലും നിസഹായനായി പോകുന്ന നിമിഷങ്ങളും ചിലപ്പോള് ഉണ്ടാകും. പ്രതിഭയുടെ കാര്യത്തില് ആരെയും വെല്ലുമെങ്കിലും ലിയോണല് മെസി എന്ന താരത്തോട് കാലവും സമയവും എപ്പോഴും നീതികരിക്കാനാവാത്ത വിധമായിരിക്കും പെരുമാറുക.
കോപ്പ അമേരിക്ക ഫെെനലില് പെനാല്റ്റി നഷ്ടപ്പെടുത്തിയതിന് പിന്നാലെ ലോകകപ്പിന്റെ ആദ്യ മത്സരത്തിലും അതേ തെറ്റ് മെസി ആവര്ത്തിച്ചതോടെ ഐസ്ലാന്റിനെതിരെ അര്ജന്റീനയ്ക്ക് സമനില. ഇരു ടീമുകളും ആദ്യ പകുതിയില് നേടിയ ഗോളുകളില് ഒതുങ്ങി. അര്ജന്റീനയ്ക്കായി സെര്ജിയോ അഗ്വേറോയും ഐസ്ലാന്റിനായി ആല്ഫ്രഡ് ഫിന്ബോഗാസണുമാണ് വലചലിപ്പിച്ചത്.

എല്ലാം മറന്ന് പ്രതിരോധ കോട്ട തീര്ത്ത കളിയായിരുന്നു ആദ്യ ലോകകപ്പിനെത്തുന്ന ഐസ്ലാന്റ് പുറത്തെടുത്തത്. മെസി എന്ന സൂപ്പര് താരത്തെ അവര് ശരിക്കും പൂട്ടി. ഇതോടെ ബോക്സിനകത്തേക്ക് കയറാന് പോലും താരത്തിന് പലപ്പോഴും സാധിച്ചില്ല. ആസൂത്രണ മികവോടെയാണ് മെസിയും കൂട്ടരും സ്പാര്ട്ടക് സ്റ്റേഡിയത്തില് കളി തുടങ്ങിയത്.
എങ്കിലും അര്ജന്റീനയുടെ പ്രതിരോധത്തിലെ വിള്ളലുകള് മുതലാക്കി ഐസ്ലാന്റ് കൗണ്ടര് അറ്റാക്കുകള് മെനഞ്ഞു. മെെതാന മധ്യത്ത് മെസിയായിരുന്നു എല്ലാ നീക്കങ്ങളുടെയും സുത്രധാരന്.എട്ടാം മിനിറ്റില് മെസി തൊടുത്ത ഫ്രീകിക്കില് അര്ജന്റീന ഗോള് നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിക്കോളാസ് ടാഗ്ലിഫിക്കോയുടെ ഹെഡര് നേരിയ വ്യത്യാസത്തില് പുറത്തേക്ക് പോയി.
വീണ്ടും ഐസ്ലാന്റ് ഗോള്മുഖത്ത് അര്ജന്റെെന് പട ആക്രമണങ്ങള് നടത്തി. 19-ാം മിനിറ്റില് മാര്ക്കോസ് റോഹോ പെനാല്റ്റി ബോക്സിലേക്ക് നീട്ടി നല്കിയ പന്തിലാണ് ആദ്യ ഗോള് പിറന്നത്. പാസ് സ്വീകരിച്ച സെര്ജിയോ അഗ്വേറോ വെട്ടിത്തിരിഞ്ഞ് ഐസ്ലാന്റ് താരങ്ങളെ കാഴ്ചക്കാരാക്കി പന്ത് വലയിലാക്കി. അര്ജന്റീനയുടെ സന്തോഷത്തിന് അധികം ആയുസില്ലായിരുന്നു.

ഓട്ടമെന്ഡി നയിക്കുന്ന പ്രതിരോധ കോട്ടയുടെ വിള്ളലുകള് തുറന്നു കാട്ടുന്നതായിരുന്നു ആല്ഫ്രഡ് ഫിന്ബോഗാസണ് നേടിയ ഗോള്. സൂഗ്രൂഡ്സണ് വഴിയൊരുക്കി കൊടുത്ത പന്ത് ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയില് ഫിന്ബോഗാസണ്, വില്ഫ്രെഡ് കാബെല്ലറോയെ കീഴടക്കി വലയിലാക്കി. പിന്നീടും മികച്ച നീക്കങ്ങളമായി കളം നിറഞ്ഞത് അര്ജന്റീനയാണ്.
മെസിയും ബിഗ്ലിയയും ഷോട്ട് ഉതിര്ത്തെങ്കിലും ഗോള്വല മാത്രം കുലുങ്ങിയില്ല. രണ്ടാം പകുതിയില് വിജയ ഗോള് സ്വന്തമാക്കാനായി ആവും വിധമൊക്കെ അര്ജന്റീന പൊരുതി. മെസയെ ബോക്സിന് അകത്ത് വീഴ്ത്തിയതിന് 66-ാം മിനിറ്റിലാണ് അര്ജന്റീനയ്ക്ക് പെനാല്റ്റി ലഭിച്ചത്. സമ്മര്ദത്തിന് അടിപ്പെട്ട് മെസി തൊടുത്ത ദുര്ബലമായ ഷോട്ട് ഐസ്ലാന്റ് ഗോള് കീപ്പര് തട്ടിയകറ്റി.

പ്രതിരോധം തകര്ക്കാന് സാധിക്കില്ലെന്ന് മനസിലായതോടെ ലോംഗ് ഷോട്ടുകള് ഉതിര്ത്ത് ഗോള് സ്വന്തമാക്കാനും അര്ജന്റീന ശ്രമിച്ചു. പക്ഷേ, ഗോള് കീപ്പര് ഹാന്നസ് ഹാല്ഡോര്സണ് മിന്നുന്ന ഫോമിലേക്ക് ഉയര്ന്നതോടെ അതും അസാധ്യമായി. ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ ഐസ്ലാന്റിന് സ്വപ്ന സമാനമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്.
