മസ്കറ്റിൽ എത്തുന്ന സന്ദർശകർക്ക് ഒരു പ്രധാന കേന്ദ്രം കൂടി

ഒമാന്‍: ഒമാനിലെ പുരാതനമായ മത്രാ കോട്ട വിനോദ സഞ്ചാരികൾക്കു് സന്ദർശനത്തിനായി തുറന്നു കൊടുത്തു. പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച കോട്ട വര്‍ഷങ്ങളോളം അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇതോടെ മസ്കറ്റിൽ എത്തുന്ന സന്ദർശകർക്ക് ഒരു പ്രധാന കേന്ദ്രം കൂടിയാകും മത്രാ കോട്ട. 1580 കളിൽ " യാരിബ് രാജവംശ" കാലഘട്ടത്തിൽ, പോർട്ടുഗീസുകാർ നിർമ്മിച്ച ഈ കോട്ട ഒമാന്റെ പഴയ കാല ചരിത്രങ്ങളിൽ ഏറ്റവും പ്രാധാന്യം ഉള്ള ഒന്നാണ്.

മാത്രാ കോർണിഷിൽ മലകളുടെ മുകളിലായിട്ടാണ് ഈ കോട്ട നിലകൊള്ളുന്നത്. ഒമാനിൽ ധാരാളം കോട്ടകൾ ഉണ്ടെങ്കിലും ഉയർന്ന മലമുകളിൽ സ്ഥിതി ചെയ്യുന്നു എന്നതാണ് മാത്രാ കോട്ടയുടെ ഏറ്റവും വലിയ പ്രത്യേകത. വൃത്താകൃതിയിലുള്ള മൂന്നു പ്രധാന ടവറുകളാണ് മത്രാ കോട്ടയുടെ പ്രധാന ആകർഷണം. സൈനിക ആവശ്യങ്ങൾക്ക് പുറമെ തടവുകാരെ പാർപ്പിക്കുന്ന കേന്ദ്രമായും ഭക്ഷ്യ സംഭരണിയായും ഈ കോട്ടയെ ഉപയോഗിച്ചിരുന്നുവെന്നു ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. അറ്റകുറ്റ പണികൾക്കായി അടയ്ക്കുന്നതിന് മുൻപും മത്രാ കോട്ടയിൽ സന്ദർശകരെ അനുവദിച്ചിരുന്നു. പ്രവർത്തി ദിനങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ് സന്ദർശന സമയം.