സ്‌കൂള്‍കുട്ടികളും നാട്ടുകാരും കയറന്നു അപകടഭീഷണിയുയര്‍ത്തി ടണല്‍ ഉദ്യോഗസ്ഥര്‍ തിരിഞ്ഞ് നോക്കുന്നില്ല

ഇടുക്കി: വടക്കന്‍ തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങി കുരുന്നുകള്‍ ദുരിതം അനുഭവിക്കുകയാണ്. നാല് കുട്ടികളും പരിശീലകനും ഇപ്പോഴും ഗുഹയ്ക്കുള്ളിലാണ്. എന്നാല്‍ തായാലാന്‌റിലെ ഗുഹാദുരന്തം മുന്നിലുള്ളപ്പോഴും പാഠം പഠിക്കാതെ സംസ്ഥാന സര്‍ക്കാര്‍. മൂന്നാറില്‍ മൂന്നാറില്‍ നിന്നും പോതമേടിലേയ്ക്ക് പോകുന്ന വഴിയിലെ സുരക്ഷയില്ലാത്ത ടണല്‍ മുഖം വലിയ അപകടസാധ്യതയാണ് വിളിച്ച് വരുത്തുന്നത്. 

മൂന്നാറില്‍ നിന്നും പോതമേടിലേയ്ക്ക് പോകുന്ന വഴിയിലും മൂന്നാര്‍ ഹെഡ് വര്‍കസ് ഡാമില്‍ നിന്നും അധികം ദൂരെയല്ലാതായി തുറന്നുകിടക്കുന്ന ഗുഹയാണ് അപകടസാധ്യതയുമായി നിലകൊള്ളുന്നത്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളും നാട്ടുകാരുമെല്ലാം പലപ്പോഴായി അകത്തേയ്ക്ക് കയറുന്ന ഗുഹാമുഖമാണിത്. മാസങ്ങള്‍ക്കു മുമ്പ് എറണാകുളം സ്വദേശികളായ നാലു യുവാക്കള്‍ ഇതിനുള്ളില്‍ കുടുങ്ങിയിരുന്നു. 

അകത്തേയ്ക്ക് കയറിയ സംഘം വഴിയറിയാതെ ഉള്ളില്‍ കുടുങ്ങുകയും ഏറെ സമയത്തിനുശേഷം ഭാഗ്യത്തിന്റെ അകമ്പടിയോടെ പുറത്തെത്തുകയുമായിരുന്നു. യുവാക്കള്‍ അകപ്പെട്ടതും രക്ഷപെട്ടതുമെല്ലാം പുറം ലോകം അറിഞ്ഞുമില്ല. നാളുകള്‍ക്കുശേഷമാണ് ഇത്തരമൊരു സംഭവം നടന്നതായി അറിയുന്നത്. 1982 മുതല്‍ വൈദ്യുതി മന്ത്രിയായിരുന്ന ബാലകൃഷ്ണ പിള്ളയുടെ കാലത്ത് മൂന്നാറില്‍ ഡാം പണിയുക എന്ന ഉദ്ദേശത്തോടെ നടത്തിയ പ്രാഥമിക പഠനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ടണലാണിത്. പിന്നീട് പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ ടണല്‍ അനാഥമാകുകയായിരുന്നു. 

വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള സ്ഥലം അന്യാധീനപ്പെടുകയും സ്വകാര്യ വ്യക്തികള്‍ കൈയ്യടക്കുകയും ചെയ്തതോടെ ടണല്‍ അപകടകരമായ സ്ഥിതിയില്‍ നിലനില്‍ക്കുകയും ചെയ്തു. ജലവൈദ്യുത പദ്ധതിയുടെ ആവശ്യത്തിലേക്ക് നിര്‍മ്മിച്ചതാണെങ്കിലും ഒരു ഗുഹ പോലെ തോന്നിപ്പിക്കുന്നതാണ് അതിന്റെ കവാടം. റോഡിനോടു ചേര്‍ന്നു അരികില്‍ തന്നെയുള്ള തുരങ്കം പാറ തുരന്നുള്ളതാണ്. കൗതുകം തോന്നി ഇതുവഴി കടന്നുപോകുന്ന സ്‌കൂള്‍ കുട്ടുകളും യാത്രക്കാരുമെല്ലാം ഇതിനുള്ളിലേയ്ക്ക് കടക്കാറുണ്ട്. നാട്ടുകാരില്‍ ചിലര്‍ ഇതിനുള്ളിലേയ്ക്ക് പല തവണ കയറിയിട്ടുണ്ട്. 

കനത്ത ഇരുട്ടും വെള്ളവുമെല്ലാമുള്ള ഈ തുരങ്കത്തിന്റെ കവാടം അടയ്ക്കുന്നതിനോ അതിനു മുമ്പില്‍ സുരക്ഷാ വേലി നിര്‍മ്മിക്കുന്നതിനോ അധികാരികള്‍ തയ്യാറാകാത്തതാണ് അപകടസാധ്യതയുണര്‍ത്തുന്നത്. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതയുടെ ഭാഗമായി പള്ളിവാസല്‍ മല തുരന്ന് നടത്തി വന്നിരുന്ന ടണല്‍ നിര്‍മ്മാണം കരാറുകാരന്‍ പിന്മാറിയതോടെ നിലയ്ക്കുകയായിരുന്നു. എം.എം.മണി വൈദ്യുതി മന്ത്രിയായതോടെ മുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ലോക്കാട് ഗ്യാപ്പിലും ഗുഹാമുഖമുണ്ട്. ഗ്യാപ് റോഡ് സന്ദര്‍ശിക്കുന്നതിനെത്തുന്ന സഞ്ചാരികള്‍ ഗുഹകളില്‍ കയറുന്നതും പതിവാണ്. ഇവിടെയും സുരക്ഷ ചോദ്യചിഹ്നം തന്നെയാണ്.