ഇടുക്കി: മുരിക്കടിയില്‍ സിപിഎം കുടിയിറക്കിയ ദളിത് കുടുംബത്തെ സിപിഐ സംരക്ഷിക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് വാടക വീടെടുത്ത് നല്‍കും. വീട് തിരികെ നല്‍കിയില്ലെങ്കില്‍, പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് സിപിഐയുടെ തീരുമാനം. ചൊവ്വാഴ്ച രാത്രിയില്‍ ആണ് വര്‍ഷങ്ങളായി താമസിച്ചു വന്ന വീട്ടില്‍ നിന്നും നാലംഗ കുടുംബത്തെ ഇറക്കിവിട്ട ശേഷം സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് തുടങ്ങിയത്. സംഭവം വിവാദം ആയതോടെ സിപിഎം പ്രതിക്കൂട്ടിലായി.
ഇതേ തുടര്‍ന്നാണ് സിപിഎം ജില്ലാ നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ടത്. തര്‍ക്കം നില നില്‍ക്കുന്ന സ്ഥലത്ത് ഓഫീസ് വേണ്ടെന്ന് ജില്ലാ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് രാത്രിയോടെ വീടിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ്മാറ്റി. കുടിയിറക്കിയ മാരിയപ്പന്റെ ബന്ധുവായ മുഹമ്മദ് സല്‍മാനെ ഇവിടെ താമസിപ്പിക്കാനാണ് സിപിഎം ശ്രമം. ഭൂമി സംബന്ധമായ രേഖകള്‍ ഇയാളുടെ പേരിലാണ് എന്ന ന്യായമാണ് സിപിഎം ഇതിന് കണ്ടെത്തിയിരിക്കുന്നത്.
സിപിഎം നടപടി മൂലം പെരുവഴിയിലായ മാരിയപ്പനും കുടുംബവും ഇപ്പോഴും ആശുപത്രിയിലാണ്. സിപിഎമ്മും പോലീസും പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്ന നിലപാടിലാണ്. വീട് മാരിയപ്പന് തന്നെ കിട്ടണം എന്ന നിലപാടില്‍ ആണ് സിപിഐ. ഇതിനിടെ കുടുംബത്തെ ഇറക്കിവിട്ടതിന് സിപിഎം മുരിക്കടി ബ്രാഞ്ച് സെക്രട്ടറി അടക്കം 4 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
