പള്ളിവാസല്‍: മണ്ണിടിച്ചിലിനെ തുടർന്ന് അപകട ഭീഷണിയിലായ പള്ളിവാസലിലെ രണ്ടു റിസോർട്ടുകളുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ ഇടുക്കി ജില്ല കളക്ടർ ജി.ആർ.ഗോകുൽ ഉത്തരവിട്ടു. ഫോറസ്റ്റ് ഗ്ലേഡ്, കാശ്മീരം എന്നി റിസോർട്ടുകളാണ് തൽക്കാലം അടക്കാൻ നിർദ്ദേശം നൽകിയത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.
ഞായറാഴ്ചയുണ്ടായ കനത്ത മഴയെ തുടർന്നാണ് കൊച്ചി-ധനുഷ്കോടി ദേശീയ പാതക്കരുകിൽ പ്രവർത്തിക്കുന്ന പള്ളിവാസലിലെ രണ്ടു റിസോർട്ടുകൾക്കു മുന്നിൽ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടർന്ന് അപകടാവസ്ഥയിലായ റിസോർട്ടുകൾ താൽക്കാലികമായെങ്കിലും അടക്കണമെന്ന് ദേവികുളം തഹസിൽദാർ നൽകിയ റിപ്പോർട്ട് കളക്ടർക്ക് കൈമാറിയിരുന്നു.
റിപ്പോർട്ട് സമർപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തിരുന്നു. ഇതേത്തുടർന്നാണ് കാശ്മീരം, ഫോറസ്റ്റ് ഗ്ലേഡ് എന്നീ റിസോർട്ടുകൾ അടക്കാൻ ജില്ല കളക്ടർ ഉത്തരവിട്ടത്. പള്ളിവാസൽ മേഖലയിലുൾപ്പെടെ അപകടാവസ്ഥയിലായ റിസോർട്ടുകളിൽ വിദഗ്ദ്ധ സംഘത്തിൻറെ സഹായത്തോടെ പരിശോധന നടത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.
ഇതിനു മുന്നോടിയായി അഞ്ചാം തീയതി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം കളക്ടർ വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ വച്ച് എതൊക്കെ മേഖലയിലുള്ളവരെ ഉൾപ്പെടുത്തിയാണ് വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഈ സംഘത്തിൻറെ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അപകടാവസ്ഥയിലുള്ള റിസോർട്ടുകൾക്കെതിരെ നടപടി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം.
അടച്ചു പൂട്ടാൻ നിർദ്ദേശിച്ചിരിക്കുന്ന റിസോർട്ടുടമകളോട് അപകടാവസ്ഥ ഒഴിവാക്കാൻ ചെയ്ത കാര്യങ്ങൾ അറിയിക്കാനും നിർദ്ദേശം നൽകും. അടച്ചു പൂട്ടാനുള്ള നോട്ടീസ് അടുത്തു തന്നെ റിസോർട്ട് അധികൃതർക്ക് ദേവികുളം തഹസിൽദാർ നൽകും.
