ഫോണിലൂടെയും മറ്റും നിരവധി തവണ വിവാഹവാഗ്ദാനം നല്‍കിയ ശേഷം യുവാവ് വിവാഹത്തില്‍ നിന്നും ഒഴിഞ്ഞുമാറിയ സാഹചര്യത്തിലാണ് വീട്ടമ്മ പരാതിയുമായി രംഗത്തുവന്നതെന്നാണ് സൂചന

ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. തങ്കമണി നെല്ലിപ്പാറ സ്വദേശിയായ യുവാവിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഒരുവര്‍ഷമായി വിവാഹ വാഗ്ദാനം നല്‍കി തന്നെ യുവാവ് പീഡിപ്പിച്ച് വരികയായിരുന്നുവെന്ന വീട്ടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

തങ്കമണി നെല്ലിപ്പാറ സ്വദേശി അമലിനെയാണ് അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.നിലവില്‍ അടിമാലിയില്‍ താമസക്കാരിയായ വീട്ടമ്മയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അമലിനെ വെള്ളിയാഴ്ച്ച കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഗാനമേള ട്രൂപ്പിലെ ഗായകനായ യുവാവ് ഒരു വിവാഹ ചടങ്ങിനിടയില്‍ താനുമായി പരിചയപ്പെട്ടെന്നും തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ ഒരുവര്‍ഷമായി തന്നെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നുമാണ് വീട്ടമ്മയുടെ പരാതി. ഫോണിലൂടെയും മറ്റും നിരവധി തവണ വിവാഹവാഗ്ദാനം നല്‍കിയ ശേഷം യുവാവ് വിവാഹത്തില്‍ നിന്നും ഒഴിഞ്ഞുമാറിയ സാഹചര്യത്തിലാണ് വീട്ടമ്മ പരാതിയുമായി രംഗത്തുവന്നതെന്നാണ് സൂചന.പരാതിക്കാരിയും 40 കാരിയുമായ വീട്ടമ്മ രണ്ട് മക്കളുടെ മാതാവ് കൂടിയാണ്.കസ്റ്റഡിയിലെടുത്ത യുവാവിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.