Asianet News MalayalamAsianet News Malayalam

'ഹിന്ദു പെണ്‍കുട്ടിയെ തൊട്ടാൽ ആ കൈകൾ വെട്ടണം': വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി

നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് നമ്മൾ  നിരീക്ഷിക്കണം. ഹിന്ദു പെൺകുട്ടിയെ സ്പർശിക്കുന്ന ഒരു കൈ പിന്നീട് ഉണ്ടായിരിക്കരുത്. ജാതിയും മതവും നോക്കാതെ ആ കൈകൾ വെട്ടിയിരിക്കണമെന്നും ഹെഗ്ഡെ പറഞ്ഞു.  

If a hand touches Hindu girl that hand should cut says Union minister
Author
Mysore, First Published Jan 27, 2019, 9:41 PM IST

മൈസൂരു: ഹിന്ദു പെണ്‍കുട്ടിയെ ആരെങ്കിലും തൊട്ടാൽ ആ കൈകൾ വെട്ടികളയുമെന്ന വിവാദ പരാമർശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആനന്ദ് കുമാർ ഹെഗ്ഡെ. കർണാടകയിലെ കൊടകില്‍ ഒരു റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ചിന്തയിൽ ഒരു അടിസ്ഥാന മാറ്റം ഉണ്ടായിരിക്കണം. നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് നമ്മൾ നിരീക്ഷിക്കണം. ഹിന്ദു പെൺകുട്ടിയെ സ്പർശിക്കുന്ന ഒരു കൈ പിന്നീട് ഉണ്ടായിരിക്കരുത്. ജാതിയും മതവും നോക്കാതെ ആ കൈകൾ വെട്ടിയിരിക്കണമെന്നും ഹെഗ്ഡെ പറഞ്ഞു.

ഹെഗ്ഡയുടെ ഇത്തരം വർഗീയ പരാമർശങ്ങൾ നേരത്തെും ‌വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇന്ത്യൻ ഭരണഘടനയിൽനിന്ന് മതേതരത്വം എന്ന വാക്ക് ബിജെപി എടുത്തു മാറ്റുമെന്ന ഹെഗ്ഡെയുടെ പരാമർശം നിരവധി വിമർശനങ്ങൾക്ക് കാരണമായിരുന്നു. 2017ലായിരുന്നു അത്. ഭരണഘടന പറയുന്നത് മതേതരത്വമാണെന്നും അത് നമ്മൾ അംഗീകരിക്കണമെന്നുമാണ് ചിലരുടെ വാദം. നമ്മൾ ഭരണഘടനയെ ബഹുമാനിക്കുന്നുണ്ട്. ഭരണഘടന നിരവധി തവണ മാറ്റിയിട്ടുണ്ട്. ഭാവിയിലും ആ മാറ്റം തുടരും. ഭരണഘടനയിൽ മാറ്റം വരുത്തുന്നതിനായാണ് നമ്മളിവിടെയുള്ളത്. അത് നമ്മൾ മാറ്റുക തന്നെ ചെയ്യുമെന്നും ഹെഗ്ഡെ പറഞ്ഞു. 

മുസ്ലീം, ക്രിസ്ത്യൻ, ലിംഗായത്ത്, ബ്രാഹ്മണൻ, ഹിന്ദു ആരാണെങ്കിലും അത് അഭിമാനത്തോടെ പറയുക. തങ്ങളുടെ മാതാപിതാക്കളുടെ രക്തത്തെക്കുറിച്ച് അറിവില്ലാത്തവരാണ് മതേതരത്വമെന്ന വാക്ക് ഉപയോഗിക്കുന്നത്. അവർക്ക് സ്വന്തമായി വ്യക്തത്വമുണ്ടാകില്ല. അവർക്ക് അവരുടെ മാതാപിതാക്കളെക്കുറിച്ച് അറിവുണ്ടാകില്ല. പക്ഷേ അവർ ബുദ്ധിജീവികളായിരിക്കുമെന്നും ഹെഗ്ഡെ കൂട്ടിച്ചേർത്തു. 
 

Follow Us:
Download App:
  • android
  • ios