ദില്ലി സർക്കാർ 250 സ്‌കൂളുകളിലായി നിര്‍മ്മിച്ച 11,000 ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ സര്‍വോദയ കന്യാ വിദ്യാലയത്തില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാൾ.

ദില്ലി: കുട്ടികളെ സ്നേഹിക്കുന്നുവെങ്കിൽ ആം ആദ്മി പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലി സർക്കാർ 250 സ്‌കൂളുകളിലായി നിര്‍മ്മിച്ച 11,000 ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ സര്‍വോദയ കന്യാ വിദ്യാലയത്തില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാൾ. ’ദേശഭക്തി’ ആണോ ‘മോദി ഭക്തി’യാണോ വലുതെന്ന് തീരുമാനിക്കാനും കെജ്രിവാള്‍ പറഞ്ഞു.

’നിങ്ങൾ ആർക്ക് വോട്ടു ചെയ്യുമെന്ന് ചോദിച്ചാൽ ആളുകൾ പറയും മോദിക്കെന്ന്. എന്തുകൊണ്ടെന്ന് ചോദിച്ചാൽ പറയും ഞങ്ങള്‍ മോദിയെ സ്‌നേഹിക്കുന്നു എന്ന്. ഇപ്പോൾ നിങ്ങൾ തന്നെ തീരുമാനിക്കൂ, നിങ്ങളുടെ കുട്ടികളോടാണോ മോദിജിയോടാണോ സ്‌നേഹം എന്ന്. നിങ്ങൾ നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുന്നുവെങ്കിൽ, കുട്ടികൾക്കായി പ്രവർത്തിക്കുന്നവർക്ക് വോട്ടുചെയ്യുക. കുട്ടികളെ സ്നേഹിക്കുന്നില്ലെങ്കിൽ മോദിയ്ക്ക് വോട്ട് ചെയ്യൂ. ഈ കാലയളവിനുള്ളിൽ മോദി ഒരു സ്‌കൂളു പോലും പണിതിട്ടില്ല. ഒന്നുകിൽ ദേശഭക്തി ഇല്ലെങ്കിൽ മോദി ഭക്തി. ഇതിൽ ഏത് വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. രണ്ടും ഒരുമിച്ച് സാധിക്കില്ല,’ കെജ്രിവാള്‍ പറഞ്ഞു.

അതേസമയം കെജ്രിവാളിനെ പിന്തുണച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രം​ഗത്തെത്തി. ’ഒരുദിവസം ഒരാൾ എന്നോട് പറഞ്ഞു മോദി വളരെ നല്ലവനാണ് അതുകൊണ്ട് വരുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്ന്. നിങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ അവര്‍ക്ക് വേണ്ടി സ്‌കൂളുകള്‍ പണിയുന്നവര്‍ക്ക് വോട്ട് ചെയ്യൂവെന്നാണ് എനിക്ക് പറയാനുള്ളത്’-സിസോദിയ പറഞ്ഞു.