തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. സിയാദ് ദൗയിരി സംവിധാനം ചെയ്ത ലെബനീസ് ചിത്രം 'ദി ഇന്‍സള്‍ട്ട്' പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ചലച്ചിത്രോത്സവത്തിന് തുടക്കമാകുക. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷം വൈകിട്ട് 6 മണിക്ക് ചിത്രം പ്രദര്‍ശിപ്പിക്കും. മാധബി മുഖര്‍ജി, പ്രകാശ് രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന മേള 15 ന് സമാപിക്കും.
ടാഗോര്‍, കലാഭവന്‍, കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളില്‍ ഇന്ന് രാവിലെ മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ടാഗോര്‍ തിയേറ്ററില്‍ രാവിലെ 10ന് 'കിങ് ഓഫ് പെക്കിങ്', കൈരളിയില്‍ 'ഹോളി എയര്‍', 10.15ന് കലാഭവനില്‍ 'വുഡ് പെക്കേഴ്‌സ്', ശ്രീയില്‍ 'ഡോഗ്‌സ് ആന്റ് ഫൂള്‍സ്', 10.30ന് നിളയില്‍ 'ദ് ബ്ലസ്ഡ്' എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനമാകും നടക്കുക.
14 തിയേറ്ററുകളിലായി ആകെ 445 പ്രദര്‍ശനങ്ങളുള്ള മേളയില്‍ 65 രാജ്യങ്ങളില്‍നിന്നുള്ള 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 60 ശതമാനം സീറ്റുകള്‍ നേരത്തെ റിസര്‍വ് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെലിഗേറ്റുകള്‍ക്ക് പ്രദര്‍ശനത്തിന് ഒരു ദിവസം മുമ്പ് ഐഎഫ്എഫ്‌കെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിച്ചോ സീറ്റ് റിസര്‍വ് ചെയ്യാം.
വേദികളില്‍ സജ്ജമാക്കിയിട്ടുള്ള ഹെല്‍പ് ഡെസ്‌ക്കുകള്‍ വഴി രാവിലെ എട്ട് മുതല്‍ വൈകിട്ട് ഒന്‍പതുവരെ റിസര്‍വേഷന്‍ സൗകര്യമുണ്ടാകും. ഒരു പാസില്‍ ദിവസം മൂന്ന് സിനിമകള്‍ക്ക് റിസര്‍വ് ചെയ്യാം. റിസര്‍വേഷനില്‍ മാറ്റം വരുത്താനോ പാസില്ലാതെ പ്രവേശിക്കാനോ അനുമതിയില്ല. റിസര്‍വ് ചെയ്ത ഡെലിഗേറ്റുകള്‍ എത്താത്ത സാഹചര്യത്തില്‍ ആ സീറ്റുകളിലേക്ക് ക്യൂവിലുള്ളവരെ പരിഗണിക്കും. ഭിന്നശേഷിക്കാരായ ഡെലിഗേറ്റുകള്‍ക്കായി റാംപുള്‍പ്പെടെയുള്ള പ്രത്യേക സൗകര്യങ്ങളും ക്യൂ നില്‍ക്കാതെ പ്രവേശിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
